കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsനവീകരിച്ച മീന്‍കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ മൈതാനം മന്ത്രി വി. അബ്ദുറഹ്മാൻ
ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കായിക രംഗത്ത് നിരവധിപേർ മെഡലുകൾ നേടുന്നുണ്ട്. അതിനൊപ്പം ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകണം. അതിനായി 10 സ്പോർട്സ് കോഴ്സുകൾ അടുത്ത അധ്യയന വർഷം ആരംഭിക്കും. എം.എസ് സി സ്പോർട്സ് സയൻസ്, സ്പോർട്സ് ഫിസിയോ തുടങ്ങിയ കോഴ്സുകളാണ് തുടങ്ങുക. സംസ്ഥാന സർക്കാറിൽ നിലവിൽ തന്നെ ഈ കോഴ്സ് കഴിഞ്ഞവർക്കുള്ള അഞ്ച് ഒഴിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച മീന്‍കുന്ന് ഗവ.ഹയർസെക്കൻഡറി സ്കൂള്‍ മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക മേഖലയിൽ സംസ്ഥാനത്ത് 1,600 കോടി രൂപയുടെ പദ്ധതികളാണ് നടത്തുന്നത്. എല്ലാ ജില്ല ആസ്ഥാനങ്ങളിലും സ്റ്റേഡിയം നിർമിക്കാൻ 50 കോടി രൂപ വീതം അനുവദിച്ചിരുന്നു. വിവിധ മണ്ഡലങ്ങളിൽ ഇത് കൂടാതെ 145 കളിക്കളങ്ങൾ ഒരുക്കി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്.
ഇനിയും കളിക്കളങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളിൽ വേഗത്തിൽ അത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപയും കായിക വകുപ്പിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ച് 60 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തിയത്. മീൻകുന്ന് സ്കൂൾ മൈതാനം ശോച്യാവസ്ഥയിലായതോടെ പ്രദേശത്തെ യുവാക്കൾക്കും കായികതാരങ്ങൾക്കും പരിശീലനം നേടാൻ സാധിച്ചിരുന്നില്ല.
ഭീമമായ തുക നൽകി അഴീക്കോടും പരിസര പ്രദേശങ്ങളിലുമുള്ള ടർഫുകളാണ് ഉപയോഗിച്ചിരുന്നത്. തുടർന്നാണ് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടും കായിക വകുപ്പിന്റെ ഫണ്ടും ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയത്. ഗ്രൗണ്ടിൽ രൂപപ്പെട്ടിരുന്ന കുഴികൾ മണ്ണിട്ട് നിരപ്പാക്കി.
ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ മത്സരങ്ങൾ നടത്താൻ സാധിക്കുന്ന മഡ് ഗ്രൗണ്ടാണ് ഒരുക്കിയത്. ചുറ്റുമതിലും മതിലിന് മുകളിൽ നൈലോൺ ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തി നടത്തിയത്. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ടി. മുഹമ്മദ് അഷ്റഫ്, കെ. ഗിരീഷ് കുമാർ, പഞ്ചായത്ത് അംഗം ടി.പി. ശ്രീലത, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ അജയകുമാർ, കായിക വകുപ്പ് ഡി.ഡി. ടി.ആർ. ജയചന്ദ്രൻ, ഡി.ഡി.ഇ എ.പി. അംബിക, കെ.സി. സുധീർ, കെ.ആർ. മണികണ്ഠൻ, ടി.വി. അജിത, ഒ.കെ. ബിജിമോൾ, കെ. പ്രകാശൻ, എം.എസ്. സരസ്വതി, കെ.കെ. വത്സൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.