കണ്ണൂരിൽ ട്രാക്കുകൾക്ക് കൂടുതൽ ബലം
text_fieldsകണ്ണൂർ: ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ ട്രാക്ക് ബലപ്പെടുത്തൽ തുടങ്ങി. പ്രധാനപാതയിൽ നിന്ന് തിരിഞ്ഞു പോകുന്ന ലൂപ് ലൈനുകളിലെ വേഗം 15ൽ നിന്ന് 30 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂർ, എടക്കാട്, കണ്ണപുരം സ്റ്റേഷനുകളിലെ ലൂപ് ലൈനുകളിൽ പ്രവൃത്തി നടക്കുന്നത്.
കണ്ണൂരിലെ പ്ലാറ്റ്ഫോമിനോട് ചേർന്ന ലൂപ് ലൈനുകളിൽനിന്ന് പഴകിയ കല്ലും മണ്ണും നീക്കൽ തുടങ്ങി. പഴയ കല്ല് അരിച്ച് മണ്ണ് മാറ്റി പുതിയത് നിക്ഷേപിക്കും. കണ്ണൂരിൽ പാളത്തിനരികിൽ നിക്ഷേപിച്ച മണ്ണ് പ്ലാറ്റ്ഫോമിലേക്ക് പിക് അപ് വാഹനം എത്തിച്ചാണ് മാറ്റുന്നത്. യാത്രക്കാരെ ബാധിക്കാതെയും ട്രെയിൻ ഗതാഗതം മുടങ്ങാതെയുമാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
പ്രവൃത്തിയുടെ ഭാഗമായി പാളത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് സ്ലീപ്പറുകളുടെ അകലം കുറക്കും. നിലവിൽ ലൂപ് ലൈനുകളിൽ 80 സെന്റീമീറ്ററാണ് സ്ലീപ്പറുകൾ തമ്മിലുള്ള അകലം. ഇത് 65 സെന്റീമീറ്ററായി കുറക്കും. സ്ലീപ്പറുകളെ താങ്ങിനിർത്തുന്ന കരിങ്കല്ല് ചീളുകൾ പൊടിഞ്ഞുപോയത് മാറ്റി പകരം കൂടുതൽ പുതിയത് നിക്ഷേപിക്കും.
സ്റ്റേഷനുകളിലെ ലൂപ് ലൈനുകളിലെ വേഗം കൂട്ടുന്നതോടെ ട്രെയിനുകളുടെ യാത്രാ സമയം കുറയും. ലൂപ്പ് ലൈൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയെടുക്കാൻ ഏറ്റവും കുറഞ്ഞത് 10 മിനിറ്റോളം വേണമെങ്കിൽ വേഗം കൂട്ടുന്നതോടെ ഇത് പകുതിയായി കുറയും. എല്ലാ സ്റ്റേഷനുകളിലും നിർത്തിപ്പോകുന്ന പാസഞ്ചർ വണ്ടികളുടെ ഓട്ടത്തിൽ കാര്യമായ സമയലാഭമുണ്ടാകും.
സാധാരണ നിലയിൽ പാസഞ്ചർ വണ്ടികൾ ലൂൂപ് ലൈനിൽ മെല്ലെയെത്തി യാത്രക്കാരെയിറക്കി യാത്ര പുനരാരംഭിക്കുമ്പോൾ ഒരുപാട് സമയമെടുക്കുന്നുണ്ട്. വൈകിയോട്ടം കുറക്കാനായാണ് ലൂപ് ലൈനുകൾ ബലപ്പെടുത്തുന്നത്. എടക്കാട് സ്റ്റേഷനിൽ പഴയ കല്ലുകൾ നീക്കംചെയ്തു. സ്ലീപ്പർ ഉറപ്പിക്കാനുണ്ട്. കണ്ണപുരത്ത് ഉടൻ പ്രവൃത്തി തുടങ്ങും. അതേസമയം കണ്ണപുരം-എടക്കാട് ലൈനിൽ ട്രാക്കുകൾ ബലപ്പെടുത്തൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.