അംഗീകാരം ലഭിക്കാത്ത അധ്യാപകർ കൂടുതലും കണ്ണൂർ ജില്ലയിൽ
text_fieldsകണ്ണൂര്‍: സ്കൂളുകളിൽ മതിയായ കുട്ടികളില്ലെന്ന കാരണത്താൽ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ കൂടുതലും കണ്ണൂർ ജില്ലയിൽ. പ്രൈമറി വിഭാഗത്തിൽ പത്ത് വര്‍ഷമായി നിയമന അംഗീകാരം ലഭിക്കാത്ത 1200ത്തോളം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 400 പേരും കണ്ണൂർ ജില്ലയിലുള്ളവരാണ്. എയ്ഡഡ് സ്കൂളുകളില്‍ ഒഴിവുവരുന്ന പ്രൈമറി അധ്യാപക തസ്തികകളിലാണ് ഇവര്‍ ജോലിനോക്കുന്നത്.
ദിവസവേതന അടിസ്ഥാനത്തിലാണ് ഇത്തരക്കാർക്ക് പ്രതിഫലം ലഭിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവർക്ക് ഇതും ലഭിക്കാത്ത അവസ്ഥയാണ്. എട്ടുമാസമായി ഒാൺലൈൻ ക്ലാസ് അടക്കമുള്ളവ ഒരു പ്രതിഫലവും ലഭിക്കാതെയാണ് ഇത്തരക്കാർ ചെയ്യുന്നത്. ലോക്ഡൗണിൽ ഒാൺലൈൻ പഠന ക്ലാസുകളിൽ വിദ്യാർഥികളുടെ പ്രതികരണം രേഖപ്പെടുത്തൽ, ഒാൺലൈൻ സംശയ നിവാരണം, വാട്സ് ആപ് വഴിയുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകൽ എന്നീ പ്രവർത്തനങ്ങളിലടക്കം അധ്യാപകർ സജീവമായിരുന്നു. എന്നാൽ, നിയമപരമായി സ്കൂളുകൾ തുറക്കാത്തതിനാൽ ദിവസ വേതനം അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഒന്നുമുതല്‍ നാലാം ക്ലാസ് വരെ 60 കുട്ടികളും ഒന്നുമുതല്‍ അഞ്ചുവരെ 75 കുട്ടികളും ഒന്നുമുതല്‍ ഏഴുവരെ 105 കുട്ടികളും സ്കൂളുകളില്‍ ഇല്ലെങ്കില്‍ ഇവര്‍ക്കു നിയമനം ലഭിക്കില്ല എന്നതാണ് നിയമം. ഇത്തരം അധ്യാപകര്‍ അണ് ഇക്കണോമിക് കാറ്റഗറിയിലാണ് (മതിയായ കുട്ടികൾ ഇല്ലാത്ത) പെടുക.
ഇതോടെയാണ് ഇൗ വിഭാഗത്തിലെ അധ്യാപകര്‍ പ്രതിസന്ധിയിലായത്. 2011നു മുമ്പ് ജോലിയില്‍ പ്രവേശിച്ച ഇത്തരം അധ്യാപകര്‍ക്കു അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. പ്രത്യേക അധ്യാപക പാക്കേജിൽ ഉൾപ്പെടുത്തി അംഗീകാരമില്ലാത്ത മുഴുവൻ പേർക്കും അന്ന് സ്ഥിര നിയമനം നൽകിയിരുന്നു. നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയെൻറ നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു അന്നത്തെ സർക്കാറിെൻറ തീരുമാനം.
എന്നാൽ, പിന്നീട് പത്ത് വർഷമായി ഇത്തരം അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഒരു നടപടിയും സർക്കാറുകൾ സ്വീകരിച്ചിട്ടില്ല. 400രൂപയായിരുന്നു ആദ്യഘട്ടത്തിൽ ഇവരുടെ ദിവസ വേതനം. തുടർന്ന് യൂനിയെൻറ നേതൃത്വത്തിൽ നടന്ന നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വേതനം ഘട്ടംഘട്ടമയി 935രൂപ വരെയായി ഉയർന്നു.
നിലവിലെ ആവശ്യങ്ങൾ ഉന്നയിച്ച് കൂടുതൽ പ്രക്ഷോഭം തുടരാൻ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയൻ തയാറാവുകയാണ്. കേരള എജുക്കേഷന്‍ റൂള്‍ പ്രകാരം നിയമനാംഗീകാരം നല്‍കുക, ഒരു ക്ലാസില്‍ ഒരു അധ്യാപകന് എന്ന രീതിയില്‍ അധ്യാപകരെ നിയമിക്കുക, സ്കൂളുകളുടെ ലാഭനഷ്ടം നോക്കാതെ അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് യൂനിയൻ മുന്നോട്ടുവരുന്നത്. ഇതിെൻറ ഭാഗമായി ഫെബ്രുവരി രണ്ട് മുതൽ സെക്രേട്ടറിയറ്റ് പടിക്കൽ അധ്യാപകർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് യൂനിയൻ സംസ്ഥാന സെക്രട്ടറി ഷിജിൽ രാഗം പറഞ്ഞു.
യു.പി.എസ്.എ ചുരുക്കപ്പട്ടിക: കൂടുതൽപേരെ ഉൾപ്പെടുത്തണമെന്ന് ആവശ്യം
കണ്ണൂർ: ജില്ലയിലെ യു.പി.എസ്.എ ചുരുക്കപ്പട്ടികയിൽ മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ വർഷം നവംബറിൽ നടന്ന യു.പി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ജില്ലയിലെ ചുരുക്കപ്പട്ടിക അടുത്ത മൂന്ന് വർഷത്തേക്ക് വരാൻ പോകുന്ന ഒഴിവുകളേക്കാൾ കുറഞ്ഞ ലിസ്റ്റാണ് പ്രസിദ്ധീകരിക്കാൻ പോകുന്നതെന്നുള്ള സൂചനയാണ് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ലിസ്റ്റിൽതന്നെ ഒഴിവുകൾക്കാനുപാതികമായി ആളുകളെ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ശക്തമായിരുന്നു. എന്നിട്ടും ഇതേ രീതി തുടർന്ന് 300പേരെ ഉൾപ്പെടുത്തിയ യു.പി.എസ്.എ ചുരുക്കപ്പട്ടികയാണ് കണ്ണൂർ ജില്ലയിൽ വീണ്ടും വരാൻ പോകുന്നത്.
കണ്ണൂർ ജില്ലയിൽ യു.പി വിഭാഗത്തിൽ 136 സ്കൂളുകളാണുള്ളത്. എന്നാൽ, വയനാട് ജില്ലയിൽ 68 സ്കൂളുകൾ മാത്രമായിട്ടുകൂടി രണ്ടിടത്തും ചുരുക്കപ്പട്ടികയിൽ 300 പേരെയാണ് ഉൾപ്പെടുത്തുന്നത്. അടുത്ത മൂന്ന് വർഷത്തിൽ വരാൻ പോകുന്ന വ്യാപക വിരമിക്കലും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചതിനെ തുടർന്നുണ്ടായ അധിക തസ്തികകളും പരിഗണിച്ചാൽ 600 പേരെയെങ്കിലും ഉൾക്കൊള്ളുന്ന മെയിൻ ലിസ്റ്റാണ് ജില്ലയിൽ പര്യാപ്തമാവുകയെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.