ആറളം വനത്തിൽ ഉരുൾപൊട്ടി; ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിലായി
text_fieldsകേളകം: ആറളം വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിലായി. ഉരുൾ പൊട്ടലിനെ തുടർന്ന് കക്കുവ, ഇരിട്ടി പുഴകളിലെ ജലനിരപ്പ് ഉയർന്നു.
ഫാം ബ്ലോക്ക് 13 ലേക്ക് കക്കുവയിലെ പാലം വെള്ളത്തിലായതിനെ തുടർന്ന് മണിക്കൂറുളോളം യാത്ര തടസപ്പെട്ടു.
ഫാമിനുള്ളിലെ തോടുകൾ കരകവിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. കക്കുവയിലെ കടയും വെള്ളത്തിലായി. തിങ്കളാഴ്ച ഉച്ചമുതലുണ്ടായ കനത്ത മഴയിലാണ് വനത്തിൽ ഉരുൾ പൊട്ടിയത്. ചീങ്കണ്ണിപ്പുഴയിലെ ജലവിതാനവും ഉയർന്നു. മഴ തുടരുന്നതിനാൽ പുഴയോരവാസികൾ ജാഗ്രതയിലാണ്.
മലയോരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി ഉൾപ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ഇടയാക്കി. പയഞ്ചേരിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും ഓഫിസ് വരാന്തയും വെള്ളത്തിൽ മുങ്ങി. ഓഫിസ് ജീവനക്കാരും മറ്റുള്ളവരും ഏറെ ബുദ്ധിമുട്ടി. പയഞ്ചേരിയിൽ റോഡിലും വെള്ളം കയറി. ബാവലി, ബാരാപോൾ പുഴകളിലും വെള്ളം ക്രമാതീതമായി ഉയർന്നു. പുഴയോര വാസികൾക്കും മലയോരത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിലെ വീട്ടുകാർക്കും പൊലീസും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത നിർദേശം നൽകി.
ശ്രീകണ്ഠപുരം: മലയോരത്ത് തുള്ളിമുറിയാതെ കനത്ത മഴ തുടരുന്നു. ഞായറാഴ്ച രാവിലെയോടെ തുടങ്ങിയ മഴ തിങ്കളാഴ്ച രാത്രി വൈകിയും തോർന്നിട്ടില്ല. ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം ഭാഗങ്ങളിൽ മഴ കനക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകളാകെ കവിഞ്ഞിരിക്കുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവിൽ കനത്ത മണ്ണിടിച്ചിലിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കമ്പിയും ഉൾപ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആടാംപാറ പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിെൻറ കലുങ്കിെൻറ പാർശ്വഭിത്തിയുൾപ്പെടെ തകർന്നു.
ഉരുൾപൊട്ടൽ ഭീഷണി: കാഞ്ഞിരക്കൊല്ലിയിൽ സഞ്ചാരികൾക്ക് വിലക്ക്
ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ കാഞ്ഞിരക്കൊല്ലിയിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് കാഞ്ഞിരക്കൊല്ലി, കർണാടക വനത്തിൽ പെയ്യുന്നത്.
മഴയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലയോരത്തെ പുഴകൾ കവിഞ്ഞിരുന്നു. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞുവീഴാനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും അടച്ചിടുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രതീശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.