ആലപ്പുഴ ഇരട്ടക്കൊല; കണ്ണൂരിൽ ജാഗ്രത നിർദേശം
text_fieldsകണ്ണൂർ: ആലപ്പുഴ ജില്ലയിൽ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലും ജാഗ്രത പുലർത്താൻ പൊലീസിന് നിർദേശം. ഈ സാഹചര്യത്തിൽ കൂടുതൽ വാഹനപരിശോധന അടക്കമുള്ളവ നടത്തുന്നതിന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ നിർദേശം നൽകി.
രാഷ്ട്രീയസംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളയിടങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ എസ്.ഡി.പി.ഐ, ബി.ജെ.പി സംഘർഷം നിലനിന്നിരുന്ന കണ്ണൂരിൽ അതിജാഗ്രതയിലാണ് പൊലീസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കേസെടുക്കാനും ജില്ലയിൽ രാത്രി പരിശോധനകൾ കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ കരുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സംഘ്പരിവാർ പ്രവർത്തകർ പ്രകടനം നടത്തി. പൊലീസ് സുരക്ഷ വർധിപ്പിക്കുന്നതിനിടയിലാണ് രാവിലെ 11ഓടെ സംഘ്പരിവാർ കണ്ണൂരിൽ പ്രതിഷേധം നടത്തിയത്. ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് പ്രകടനമായി തുടങ്ങി കണ്ണൂർ കാൽടെക്സിലെത്തി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ബി.ജെ.പി അക്രമത്തിനിടെ ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൻ മുൻകരുതലുകളാണ് ജില്ലയിൽ പൊലീസ് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.