മുഷ്താഖ് അലി ട്രോഫി: കേരളത്തിന് കരുത്തായി കണ്ണൂരിൽ നിന്നും നാൽവർ സംഘം
text_fieldsതലശ്ശേരി: ഞായറാഴ്ച മുംബൈയിൽ ആരംഭിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരായ അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, എം.പി. ശ്രീരൂപ് എന്നിവർ പാഡണിയും. കണ്ണൂർക്കാരനായ ഒ.വി. മസർ മൊയ്തുവാണ് കേരള ടീമിെൻറ സഹപരിശീലകൻ.
2017-'18 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിെൻറ ഭാഗമായിരുന്നു അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും മസർ മൊയ്തുവും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാണ് അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും.
ഇതാദ്യമായാണ് കേരള സീനിയർ ടീമിലേക്ക് ശ്രീരൂപ് തെരഞ്ഞെടുക്കപ്പടുന്നത്. കണ്ണൂർ ജില്ല ക്രിക്കറ്റ് അക്കാദമിയിൽ ഒ.വി. മസർ മൊയ്തു, ഡിജുദാസ് എന്നിവരുടെ ശിക്ഷണത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് കാട്ടിയ ശ്രീരൂപ് അണ്ടർ14, അണ്ടർ 16, അണ്ടർ19, അണ്ടർ 23 കേരള ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു.
സ്ഥിരതയാർന്ന പ്രകടനമാണ് വലം കൈയൻ മധ്യനിര ബാറ്റ്സ്മാനും വലം കൈയൻ മീഡിയം പേസറുമായ ശ്രീരൂപിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്.
എലൈറ്റ് ഗ്രൂപ് ഇയിൽ പുതുച്ചേരി, മുംബൈ, ഡൽഹി, ആന്ധ്ര, ഹരിയാന എന്നിവരാണ് കേരളത്തിെൻറ എതിരാളികൾ. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ പുതുച്ചേരിയുമായിട്ടാണ് കേരളത്തിെൻറ ആദ്യമത്സരം. സഞ്ജു സാംസണാണ് കേരള ടീം ക്യാപ്റ്റൻ. സച്ചിൻ ബേബി വൈസ് ക്യാപ്റ്റനാണ്. മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പ, എസ്. ശ്രീശാന്ത്, ഐ.പി.എൽ താരങ്ങളായ ബാസിൽ തമ്പി, കെ.എം. ആസിഫ്, വിഷ്ണു വിനോദ് എന്നിവരടങ്ങിയ താരസമ്പുഷ്ടമായ ടീമാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.