മുസ്ലിം ലീഗ് ജില്ല സമ്മേളനം നാളെ തുടങ്ങും
text_fieldsകണ്ണൂർ: ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് ജില്ല സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും. ആറു വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ കൗൺസിൽ മീറ്റ്, വനിത സംഗമം, മതേതരത്വ സെമിനാർ, വിളംബര ഘോഷയാത്ര, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നീ പരിപാടികൾ നടക്കും.
10 ന് ഉച്ചക്കുശേഷം മൂന്നിന് ജവഹർ ഓഡിറ്റോറിയത്തിൽ ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് പതാക ഉയർത്തും. 11ന് കാലത്ത് 10ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിത സംഗമം വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന മതേതരത്വ സെമിനാർ മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. 12ന് വൈകുന്നേരം മൂന്നിന് കണ്ണൂർ വിളക്കുന്തറ മൈതാനത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും.
13ന് രാവിലെ 10 ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ ലീഗ് അംഗസഖ്യ 2.16 ലക്ഷം
ജില്ലയിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ എണ്ണം 2,16,455. അഴീക്കോട്, കൂത്തുപറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിൽ അംഗസംഖ്യ കൂടിയപ്പോൾ ചില മണ്ഡലങ്ങളിൽ കുറഞ്ഞു. ജില്ലയിൽ മൊത്തം 5000 അംഗങ്ങളുടെ കുറവാണുള്ളത്. ഓൺലൈൻ വഴി നടത്തിയ അംഗത്വ കാമ്പയിനായതിനാൽ 5000 പേർക്ക് നിശ്ചിത സമയപരിധിക്കകം അപേക്ഷിക്കാനായില്ല.
ദേശീയ സമ്മേളനത്തിനുശേഷം ഇവർക്ക് അപേക്ഷിക്കാനാവും. 541 അംഗങ്ങൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 2023-27 വർഷത്തേക്കുള്ള ഭാരവാഹികളെയും ജില്ല കമ്മിറ്റിയെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുക്കും.
വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുൽ കരീം ചേലേരി, ജില്ല ഭാരവാഹികളായ അഡ്വ. എസ്. മുഹമ്മദ്, അഡ്വ. ടി.എ. തങ്ങൾ, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹീം മുണ്ടേരി, കെ.ടി. സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, അൻസാരി തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.