വിഭാഗീയതയിൽ മുടങ്ങി മുസ് ലിംലീഗ് ഓഫിസ്; ഉദ്ഘാടനം നടത്തി അണികൾ
text_fieldsതളിപ്പറമ്പ്: വിഭാഗീയത മൂലം നീണ്ടുപോയ ഓഫിസ് ഉദ്ഘാടനം മുസ് ലിംലീഗ് അണികൾ നിർവഹിച്ചു. മുസ് ലിംലീഗിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻകൈയെടുക്കാത്ത ജില്ല- മണ്ഡലം നേതൃത്വത്തിനെതിരെ പ്രതിഷേധവുമായാണ് പ്രവർത്തകർ തളിപ്പറമ്പ് മുനിസിപ്പൽ ഓഫിസ് ഉദ്ഘാടനം നടത്തിയത്. തളിപ്പറമ്പിലെ മുതിർന്ന ലീഗ് പ്രവർത്തകരാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. മാർക്കറ്റിന് സമീപം തളിപ്പറമ്പ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലത്ത് 12 വർഷം മുമ്പ് കേന്ദ്ര സഹമന്ത്രിയും ലീഗ് പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. വർഷങ്ങൾക്ക് മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല. രണ്ടു മാസം മുമ്പ് ജില്ല നേതൃത്വം ഇടപെട്ട് ഉദ്ഘാടനം നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല നേതൃത്വം തയാറാകുന്നില്ലെന്നും അവരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഉദ്ഘാടനം നടത്തിയതിന്റെ പേരിൽ എന്തു നടപടിയും നേരിടാൻ തയാറാണെന്നും നേതൃത്വം നൽകിയ ടി.കെ. നൗഷാദ്, മുസ്തഫ എന്നിവർ പറഞ്ഞു.
ഓഫിസ് ഉദ്ഘാടനം കുഞ്ചി ഇബ്രാഹിം നിർവഹിച്ചു. ഇണ്ടുക്കൻ മൊയ്തു പാർട്ടി പതാക ഉയർത്തി. കൊങ്ങായി മുസ്തഫ ജനസേവ കേന്ദ്രം യു.എം. ഹംസയും ഹബീബ് റഹ്മാൻ കോൺഫറൻസ് ഹാൾ അബ്ദുല്ലയും എം.എ. സത്താർ ലൈബ്രറി ആൻഡ് കെ.വി.എം. കുഞ്ഞി റീഡിങ് റൂം കെ.പി. മൊയ്തീനും ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.