മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകർക്ക് സംരക്ഷണമില്ല; പൊലീസ് കേന്ദ്രം നോക്കുകുത്തി
text_fieldsമുഴപ്പിലങ്ങാട്: സഞ്ചാരികളുടെ ഹൃദയം കവർന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ കേരള പൊലീസ് ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് അസിസ്റ്റൻസ് സെൻറർ നോക്കുകുത്തിയായി.
2018 മാർച്ച് 24ന് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഈ പൊലീസ് കേന്ദ്രം. ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് പൊലീസ് കേന്ദ്രം തുടങ്ങിയതെന്നാണ് വകുപ്പ് തലവന്മാർ പ്രഖ്യാപിച്ചത്. അതെല്ലാം പാഴ്വാക്കായി എന്ന് തെളിയിക്കുകയാണ് അടഞ്ഞുകിടക്കുന്ന കേന്ദ്രം. നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പേരിനെങ്കിലും ഉണ്ടായിരുന്നു. എന്നാൽ, പുതിയ കേന്ദ്രം സ്ഥാപിച്ചതോടെ അത് ഒഴിവാക്കി. എയ്ഡ്പോസ്റ്റ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.
ബീച്ചിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നതായി പരിസരവാസികൾ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. രാത്രി ഇരുചക്ര വാഹനങ്ങളും മറ്റും ബീച്ചിലെത്തുന്നത് പതിവാണ്. ബീച്ച് സാമൂഹികവിരുദ്ധരുടെ താവളമായതായി സന്ദർശകർക്കും പരാതിയുണ്ട്.
ബീച്ചിലെ രാത്രി വൈകിയുള്ള സന്ദർശനത്തിനെതിരെ നടപടി വേണമെന്ന് എടക്കാട് പൊലീസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഉചിത നടപടി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കടൽ തീരത്ത് സന്ദർശകർക്കിടയിലൂടെ വാഹനങ്ങൾ ഓടുന്നതിനാൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. അപകടം വാർത്തയായാൽ കുറച്ച് ദിവസം പൊലീസ് നിരീക്ഷണം ശക്തമാക്കും. കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയപടിയാകും. കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ബീച്ചിൽ സന്ദർശകരുടെ എണ്ണം കൂടിയിരിക്കുകയാണ്. ബീച്ചിലെത്തുന്നവരുടെ സുരക്ഷക്ക് പൊലീസ് കേന്ദ്രം സജീവമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.