ദേശീയപാതയിൽ കുളംബസാറിൽ വീണ്ടും വെള്ളം കയറി യാത്രാദുരിതം
text_fieldsമുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാത കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളം ബസാറിൽ വീണ്ടും വെള്ളം കയറിയതിനെ തുടർന്ന് യാത്രാദുരിതം. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്നാണ് ദേശീയപാതയിൽ വീണ്ടും വെള്ളം കയറിയത്. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടർന്ന് റോഡ് നിർമാണക്കമ്പനി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മഴ വീണ്ടും ശക്തിപ്പെടുകയായിരുന്നു. ഇതോടെ വെള്ളവും ചളിയുമായി കാൽനടയാത്രപോലും ദുരിതമായി. പുതിയ ദേശീയ പാതയോട് ചേർന്ന് ഇരു ഭാഗങ്ങളിലും ഓവുചാലിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മഴ പെയ്തുകൊണ്ടിരിക്കെ റോഡിൽ എത്തുന്ന വെള്ളം ഇതിലേക്ക് പോവാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. മുമ്പ് ഉണ്ടായിരുന്ന ഓവുചാലുകൾ തടയപ്പെട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം നേരിട്ടു.
ഇതോടെ, ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമാവുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളവും ചളിയും ആയതോടെ വാഹനങ്ങൾ ഇതുവഴി വേഗം നിയന്ത്രിച്ചാണ് കടന്നു പോകുന്നത്. വെള്ളക്കെട്ട് നീക്കം ചെയ്യാൻ ദേശീയപാത നിർമാണക്കമ്പനി മോട്ടോർ ഉപയോഗിച്ച് വെള്ളം മറ്റുവഴിക്ക് തിരിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.