മുഴപ്പിലങ്ങാട് ബീച്ചിലെത്താൻ ദുരിതയാത്ര
text_fieldsമുഴപ്പിലങ്ങാട്: സന്ദർശകരുടെ പ്രവാഹത്തിൽ മുഴപ്പിലങ്ങാട് ബീച്ച് വികസിക്കുകയാണ്. അവധി ദിനത്തിൽ വാഹനങ്ങളിൽ ബീച്ചിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. റോഡുകൾ വീതി കുറഞ്ഞതിനാൽ ഗതാഗതക്കുരുക്കിൽ കാൽനടക്ക് പോലും കഴിയാത്ത അവസ്ഥയാണ്.
എടക്കാട്, കുളം ബസാർ, മുഴപ്പിലങ്ങാട് മഠം, യൂത്ത് മേൽപാലം തുടങ്ങി നാലു റോഡുകൾ വഴിയാണ് വാഹനങ്ങൾ ബീച്ചിലേക്കെത്തേണ്ടത്. ഇതിൽ എടക്കാട്, മഠം എന്നിവ വീതിയുള്ള റോഡാണെങ്കിലും, കുളം ബസാർ വഴിയും യൂത്ത് മേൽപാലം വഴിയുമാണ് ബീച്ചിലേക്ക് പ്രധാനമായും വാഹനങ്ങൾ കടന്നുപോകുന്നത്. 2005ൽ ബീച്ച് റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തുകയും ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. റോഡ് ആരംഭിക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് റോഡ് വീതി കൂട്ടിത്തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇതോടെ തുടർപ്രവർത്തനവും നിലച്ചു.
റെയിൽവേ ഗേറ്റ് അടച്ചാൽ കുരുക്ക്
റെയിൽവേ ഗേറ്റ് കടന്നാണ് വാഹനങ്ങൾ ബീച്ചിലേക്ക് പോകേണ്ടത്. എന്നാൽ, മണിക്കൂറിൽ നാലു തവണയെങ്കിലും ഗേറ്റ് അടച്ചിടും. ഇടക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ ദിവസങ്ങളോളം ഗേറ്റ് അടച്ചിടുന്ന ദുരിതവും കൂടിയാവുമ്പോൾ ഗതാഗതക്കുരുക്ക് ദേശീയ പാതയോളം നീളുകയാണ്. ഗേറ്റടച്ചാൽ സർവിസ് റോഡും ഗതാഗതക്കുരുക്കിൽ പെടുന്നതോടെ ദുരിതമേറും. ബീച്ച് വികസനത്തിന് കോടികൾ ചെലവിടുന്ന അധികൃതർ റോഡുകൾ വികസിപ്പിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കുളം ബസാർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചനിലയിൽ
കുളം ബീച്ച് റോഡ് വികസിപ്പിക്കാൻ അതാത് സർക്കാറുകൾ ഫണ്ടുകൾ നീക്കിവെക്കാറുണ്ട്. അത് ഉപയോഗപ്പെടുത്തി ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ അവരെ ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്യാനോ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡ് വീതി കൂട്ടണം
ബീച്ചിലേക്കുള്ള പ്രധാന റോഡായ യൂത്ത് ബീച്ച് റോഡും കുളം ബീച്ചു റോഡും വീതികൂട്ടി നവീകരിക്കുകയാണ് പരിഹാരം. ഇരുവശത്തെയും ഭൂമി ഏറ്റെടുത്ത് പഞ്ചായത്ത് ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ഉടമകൾക്ക് കൊടുക്കാൻ തയാറാവുകയാണ് ഗതാഗതപ്രശ്നം പരിഹരിക്കാൻ ഏക മാർഗമെന്നും നാട്ടുകാർ പറയുന്നു.
മുഴപ്പിലങ്ങാട് ബീച്ചിലേക്ക് മേൽപാലത്തിന് അനുമതി കിട്ടിയെങ്കിലും തുടർപ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. മേൽപാലം യാഥാർഥ്യമായാലും കുളം ബീച്ച് റെയിൽവേ ഗേറ്റ് നിലനിർത്തേണ്ടതും ആവശ്യമാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13,14,15 എന്നീ വാർഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങൾ ആശ്രയിക്കുന്നത് കുളം ബസാറിനെയാണ്. ഗതാഗത പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.