അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്
text_fieldsമുഴപ്പിലങ്ങാട്: ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് പുതുമോടിയിൽ. നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.
നേരത്തെ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് പാകിയ കടൽ സുരക്ഷഭിത്തികളും ഇൻ്റർലോക് ചെയ്ത നടപ്പാതകളും സന്ദർശകരുടെ ഇരിപ്പിടങ്ങളുമൊക്കെ പൂർണമായി എടുത്തുകളഞ്ഞ് പുതിയ രൂപത്തിലും ഭാവത്തിലും അതിനൂതന രീതിയിൽ ബീച്ചിനെ മനോഹരമാക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുകയാണ്.
ആധുനികവും ശാസ്ത്രീയവുമായ വികസനമാണ് ഇവിടെ നടക്കുന്നത്. ബീച്ചിനോട് ചേർന്ന് ഒരുമീറ്ററോളം ഉയരത്തിൽ പ്ലാറ്റ്ഫോം നിർമിച്ചത് സഞ്ചാരികൾക്ക് ബീച്ചിന്റെ സൗന്ദര്യം നല്ല പോലെ ആസ്വദിക്കാനാവുന്ന രീതിയിലാണ്.
ഡ്രൈവ് ഇൻ ബീച്ച് തുടങ്ങുന്ന എടക്കാടുനിന്ന് ആരംഭിച്ച് ഒരു കി.മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലും തീരത്തുനിന്ന് ഒരു മീറ്ററോളം ഉയരത്തിലുമാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി ഭാഗങ്ങളുടെ പ്രവൃത്തിയും നടക്കുകയാണ്.
തീരത്തുനിന്ന് ആഴത്തിലുള്ള കുഴിയെടുത്ത് പൈലിങ് നടത്തി അതിന് മുകളിൽ സ്ലാബ് പണിതാണ് പ്ലാറ്റ്ഫോം നിർമിച്ചത്. പ്ലാറ്റ് ഫോമിൽനിന്ന് ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യവുമുണ്ട്.
സന്ദർശകർക്കിരിപ്പിടം, കുട്ടികൾക്കുള്ള കളിക്കളം, നടപ്പാത, സൈക്കിൾ ലൈൻ, ഭക്ഷണശാല, സെക്യൂരിറ്റി കാമ്പിൻ, ശൗചാലയം, എന്നീ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. പ്രവൃത്തി പൂർത്തിയാവുന്നതോടെ മുഴപ്പിലങ്ങാട് തീരം അടിമുടി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.