ഇരുട്ടിലാണ്, മുഴപ്പിലങ്ങാട് ബീച്ച് കവാടം
text_fieldsമുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള പ്രധാന പ്രവേശന സ്ഥലമായ തെറിമ്മൽ ബീച്ചിലെ തെരുവുവിളക്ക് അണഞ്ഞിട്ട് മാസങ്ങൾ. നിലവിലുള്ള മിനി മാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല. തൂണുകൾ ദ്രവിച്ച നിലയിലുമാണ്. തൂണുകൾ ഏതുസമയത്തും പൊട്ടിവീണ് അപകടത്തിൽപെടാനും സാധ്യതയുണ്ട്. സഞ്ചാരികളടക്കം നിരവധി സന്ദർശകരാണ് ദിനേന ഇതുവഴി ബീച്ചിലേക്ക് വരുന്നത്. പഞ്ചായത്തിലെ തന്നെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ തെറിമ്മൽ ബീച്ചിൽ നിരവധി മത്സ്യത്തൊഴിലാളികളാണ് ദിവസവും വന്നുപോകുന്നത്. ഫിഷ് ലാൻഡിങ് സെന്ററുള്ളത് കാരണം മത്സ്യബന്ധന ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിക്കുന്നത്. തെരുവുവിളക്ക് കത്താത്തത് മത്സ്യത്തൊഴിലാളികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നു. രാത്രിയാവുന്നതോടെ പ്രദേശം ഇരുട്ടായതിനാൽ സാമൂഹികവിരുദ്ധരുടെ ശല്യവും വർധിച്ചതായി നാട്ടുകാർ പറയുന്നു.
മത്സ്യബന്ധന ഉപകരണങ്ങൾ കളവുപോകുന്നതും നശിപ്പിക്കുന്നതും പതിവാണെന്ന് തൊഴിലാളികളും പറയുന്നു. രാത്രികാലത്ത് ബീച്ച് കവാടം ഇരുട്ടിലാവുന്നത് വലിയ ദുരിതമാണെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു എടക്കാട് ഏരിയ സെക്രട്ടറി കുമ്മലിൽ റയീസ് പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറിക്ക് സി.ഐ.ടി.യു നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.