പൊളിച്ച സർവിസ് റോഡ് ടാറിങ് നടത്തി
text_fieldsമുഴപ്പിലങ്ങാട്: ഇക്കഴിഞ്ഞ ജൂലൈ യിൽ പെയ്ത മഴയിൽ പഞ്ചായത്തിലെ മലക്കുതാഴെ രണ്ടാം വാർഡ് പൂർണമായും വെള്ളത്തിലായതിനെത്തുടർന്ന് വെള്ളം ഒഴുക്കി വിടാൻ പൊളിച്ച സർവിസ് റോഡ് പൂർവസ്ഥിതിയിലാക്കി. അടുത്ത ദിവസം തന്നെ റീ ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമിച്ച ഓവുചാലിന്റെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയും പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ദേശീയപാത ഓഫിസ് ധർണയും സംഘടിപ്പിച്ചിരുന്നു.
ഇതോടെയാണ് വെള്ളക്കെട്ടിന് പരിഹാരമായി ദേശീയപാത അധികൃതർ നിർമിച്ച ഓവുചാലിന് അരിക് ചേർന്നു പോകുന്ന സർവിസ് റോഡ് പൊളിച്ച് സമാന്തര ഓവുചാൽ കീറിയത്. എന്നാൽ റോഡ് പൊളിച്ചതോടെ നിലവിലെ ഗതാഗത സംവിധാനം തടസ്സപ്പെട്ടു. ഇത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാക്കി. വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടുമില്ല. ശക്തമായ മഴ കാരണം പൊളിച്ച റോഡ് പുനർനിർമിക്കാനും കഴിയാതെ വന്നു. മഴ ശമിച്ചതോടെ പൊളിച്ച റോഡ് ജില്ലിയും മണലും നിറച്ച് പൂർവസ്ഥിതിയിലാക്കുകയാണുണ്ടായത്. ഇതുവഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചു. അടുത്ത ദിവസങ്ങളിലായി റോഡ് റീ ടാറിങ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.