കുളം ബസാറിനുവേണം ശൗചാലയവും പൊതുകിണറും
text_fieldsമുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാത വികസനത്തോടൊപ്പം അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളം ബസാറിൽ അടിസ്ഥാന വികസനമില്ലാത്തതുകാരണം നാട്ടുകാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടുകയാണ്.
ഇവിടെ ഒരു പൊതുകിണറോ ശൗചാലയമോ ഇല്ലാത്തത് വലിയ ദുരിതമാണെന്നാണ് ബസാറിൽ എത്തുന്നവർ പറയുന്നത്. ദേശീയപാത വികസനത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചതോടെ ഉയർന്നുവരുന്ന പുതിയ കെട്ടിടങ്ങൾ ബസാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുകയാണ്.
പഴയ കെട്ടിടങ്ങളൊക്കെ പോയതോടെ പഴയ സംവിധാനങ്ങളും ഇല്ലാതായതായി നാട്ടുകാർ പറയുന്നു. ഏറെ ജനനിബിഡമായ കുളം ബസാറിൽ ദിനേന നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ഏഷ്യയിലെ തന്നെ പ്രധാന ബീച്ചിലേക്ക് പോകുന്നവരും ഇവിടെയാണ് ആദ്യം എത്തിപ്പെടുന്നത്.
അതുപോലെ നിരവധി വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം, കായിക പ്രേമികളുടെ കച്ചേരിമെട്ട സ്റ്റേഡിയത്തിൽ ഉൾപ്പെടെ പോകുന്നതും കുളം ബസാർ വഴി തന്നെ. ഇതൊക്കെ പരിഗണിച്ച് ബസാറിൽ ശൗചാലയവും പൊതുകിണറും അത്യാവശ്യമാണെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. വിവിധ ജോലികളിൽ ഏർപ്പെട്ട
നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കുളം ബസാർ കേന്ദ്രീകരിച്ചാണ് ജോലിക്ക് പോകുന്നതും തിരിച്ചുവരുന്നതും. ഇതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.