മുഴപ്പിലങ്ങാട് ദേശീയപാതയിൽ അഴിയാക്കുരുക്ക്
text_fieldsമുഴപ്പിലങ്ങാട്: ബൈപാസ് ആരംഭിക്കുന്ന മുഴപ്പിലങ്ങാട് യൂത്തിന് സമീപത്തെ സർവിസ് റോഡിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം കുരുക്കിലായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്.
രാവിലെ 10ഓടെ ക്രെയിൻ വന്ന് ലോറി മാറ്റിയതോടെയാണ് കുരുക്കഴിഞ്ഞത്. ഇവിടെ ഇതിനകം നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. അധികൃതർ ഇത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ സ്ഥലത്ത് ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.
ഇടുങ്ങിയ സർവിസ് റോഡിൽ നിന്നും എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ചരക്ക് ലോറി റോഡിനോട് ചേർന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വർഷത്തോളമായി ഇവിടെ റോഡിനോട് ചേർന്ന് അപകടകരമായ രീതിയിലുള്ള ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്. ഒരു വശത്ത് ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബിലൂടെ കയറിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ഒരു കോൺക്രീറ്റ് സ്ലാബ് മാസങ്ങളായി ഇളകിയിരിക്കുകയാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം കാണുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
ദേശീയപാത നിർമാണവുമായി ബന്ധപ്പൊട്ട് കിഴക്ക് ഭാഗത്തെ സർവിസ് റോഡ് രണ്ടാഴ്ചയിലധികമായി അടച്ചിട്ടിരിക്കുകയാണ്. മറുവശത്തെ സർവിസ് റോഡിലൂടെയാണ് ഇരു ഭാഗത്തേയും വാഹനങ്ങൾ കടന്നു പോകുന്നത്. ബൈപ്പാസ് റോഡ് തുടങ്ങുന്ന കവാടത്തിന് സമീപത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് കിഴക്ക് ഭാഗം സർവിസ് റോഡടച്ചത്.
എന്നാൽ, വേണ്ടത്ര വേഗതയിൽ റോഡ് നിർമാണം നടക്കുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിവിടെ ഒരു സർവിസ് റോഡ് മാത്രമായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇത് വഴി കടന്നുപോകുന്ന വാഹനങ്ങളും യാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
ഒരു മുന്നൊരുക്കവും പകരം സംവിധാനവുമില്ലാത്ത പ്രവൃത്തിയുടെ പേരിൽ റോഡുകൾ അടക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.