മുഴപ്പിലങ്ങാട്ടെ വെള്ളക്കെട്ട്: വെള്ളം പമ്പ് ചെയ്യൽ തുടരും; ശാശ്വതപരിഹാരത്തിന് വിദഗ്ധ സമിതി
text_fieldsമുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് രണ്ടാം വാർഡ് മലക്ക് താഴെ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നീ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പ്രശ്ന പരിഹാരത്തിനായി ഒരു വിദഗ്ധസമിതി രൂപവത്കരിക്കാനും ഈ മഴക്കാലം മുഴുവൻ മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് തുടരാനും തീരുമാനിച്ചു.
കലക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ കെ.വി. ശ്രുതി, വിവിധ വകുപ്പ് പ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചതിനു ശേഷം പഞ്ചായത്ത് അധികൃതരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വെള്ളക്കെട്ട് നീക്കുന്നതിനായി സർവിസ് റോഡ് മുറിച്ചു മാറ്റിയതിനാൽ മലക്ക് താഴെ പ്രദേശത്തുള്ള പ്രദേശിക റോഡിൽ (ചാലാക്ക് റോഡ്) നിന്നും ഹൈവേയിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരിക്കുന്നതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട നിർദേശം ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെട്ട് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമെന്ന നിലക്കായിരുന്നു സർവിസ് റോഡ് മുറിച്ചതെങ്കിലും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് റോഡ് പഴയ നിലയിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. റോഡ് മുറിച്ചതോടെ പ്രദേശവാസികൾ കടുത്ത യാത്ര ദുരിതത്തിലാണ്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. വിജേഷ്, പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ, രാഷ്ട്രീയ പ്രതിനിധികൾ, ദേശീയപാത ഉപവിഭാഗം കണ്ണൂർ ഇ.എൻ. രവീന്ദ്രൻ, വില്ലേജ് ഓഫിസർ കെ.ടി. രതീഷ്കുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ ജഅ്ഫർ സാദിഖ്, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.