ബ്രണ്ണൻ കോളജിൽ നാക് പിയർ ടീം സന്ദർശനത്തിനെത്തുന്നു
text_fieldsതലശ്ശേരി: ഉത്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ധർമടം ഗവ.ബ്രണ്ണൻ കോളജ് നാക് പിയർ ടീം സന്ദർശിക്കുന്നു. ഇതിനുമുമ്പ് രണ്ട് തവണ നാക് അംഗീകാരം നേടിയ ബ്രണ്ണൻ കോളജിൽ ഇത് മൂന്നാം തവണയാണ് സന്ദർശനം. ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ പരിസമാപ്തിയായ പിയർടീം സന്ദർശനം ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
2014 മുതൽ ബ്രണ്ണൻ കോളജ് അക്കാദമിക അക്കാദമികേതര മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്താനും മികച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രം എന്ന നിലയിൽ കൂടുതൽ മികവിനു വേണ്ടിയുള്ള നിർദേശങ്ങൾ നൽകാനുമാണ് പിയർടീം വിസിറ്റ് നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ബ്രണ്ണൻ കോളജ് എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
അഞ്ച് പുതിയ കോഴ്സുകൾ കോളജിന് ലഭിക്കുകയുണ്ടായി. 12 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മാത്തമാറ്റിക്സ് ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 21.5 കോടി രൂപ ചെലവിൽ പുതിയ അക്കാദമിക് ബ്ലോക്ക്, ലേഡീസ് ഹോസ്റ്റൽ എന്നിവയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. 1.13 കോടി രൂപ ചെലവിൽ മെൻസ് ഹോസ്റ്റൽ നവീകരണം ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബ്രണ്ണൻ കോളജ് ലൈബ്രറി കേരളത്തിലെ ഏറ്റവും വലിയ കോളജ് ലൈബ്രറിയാണ്. ലൈബ്രറിക്ക് സ്വന്തമായി വെബ്സൈറ്റും മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്.
ഡി.എൻ.എ ടെസ്റ്റുപോലും നടത്താവുന്ന തരത്തിൽ 94 ലക്ഷം രൂപ ചെലവിട്ട് സെൻറർ ഓഫ് എക്സലൻസ് ഫോർ ഇൻറർ ഡിസിപ്ലിനറി ലാബ് സജ്ജമാക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ചാന്ദ്നി പി. സാം, ഐ.ക്യു.എ.സി കോഒാഡിനേറ്റർ ഡോ.കെ.വി.ഉണ്ണികൃഷ്ണൻ , വൈസ് പ്രിൻസിപ്പൽ ഡോ. ജിസാ ജോസ്, കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ ഡോ. കെ.ടി. ചന്ദ്രമോഹനൻ, സ്റ്റുഡൻറ്സ് യൂനിയൻ ചെയർ പേഴ്സൻ ടി.വി. അനുപ്രിയ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.