അനാസ്ഥയുടെ 'നടുവിൽ' പോളിടെക്നിക്; പാഴായത് 10 വർഷം
text_fieldsശ്രീകണ്ഠപുരം: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ആദ്യ നൂറുദിന പദ്ധതിയിൽ പ്രഖ്യാപിച്ച നടുവിൽ പോളിടെക്നിക് 10 വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല.
വർഷങ്ങൾ പിന്നിടുമ്പോഴും കെട്ടിട നിർമാണം നാമമാത്രമായി തുടരുകയാണ്. പോളിടെക്നിക് പ്രഖ്യാപിച്ചതല്ലാതെ തുടർ നടപടി സ്വീകരിക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ തയാറായില്ല. സർക്കാറിെൻറ ഭരണനേട്ടമായി ഉയർത്തിക്കാട്ടാൻ, ടെക്നിക്കൽ സ്കൂളിന് പണിത കെട്ടിടം പോളിടെക്നിക്കിന് വിട്ടുനൽകി.
എന്നാൽ, ആവശ്യമായ സ്ഥല സൗകര്യം ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഈ കെട്ടിടം ഉപയോഗിക്കുന്നതിന് എ.ഐ.സി.ടി.ഇ അനുമതി നിഷേധിച്ചു.
തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാറും കാര്യമായ പ്രവർത്തനം നടത്തിയില്ല. അധികൃതരുടെ പിടിപ്പുകേടുമൂലം ജില്ലയിലെ നാലാമത്തെ പോളിടെക്നിക്കാണ് കുരുക്കിലായത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മലയോരത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് കരുതിയ നടുവിൽ പോളിടെക്നിക് ഇനിയും യാഥാർഥ്യമാവാത്തത് ഏറെ ചർച്ചയായിട്ടുണ്ട്.
അനുമതിക്ക് അപേക്ഷ പോലും നൽകിയില്ല
2006ൽ ശ്രമം നടത്തിയതല്ലാതെ തുടർന്നിങ്ങോട്ട് സാങ്കേതിക അനുമതിക്കുള്ള ശ്രമം പോലും നടത്തുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. എ.ഐ.സി.ടി.ഇക്ക് അനുമതി നൽകേണ്ട സമയപരിധി ഈ വർഷവും അവസാനിച്ചു. അതിനാൽ വരുന്ന അധ്യയന വർഷവും പോളി യാഥാർഥ്യമാക്കാൻ കഴിയില്ല. ആവശ്യമായ അലമാരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ എത്തിയിട്ടുണ്ടെങ്കിലും ഇത് താൽക്കാലിക മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.
വിനയായത് സ്ഥലസൗകര്യം
2016ൽ എ.ഐ.സി.ടി.ഇ പരിശോധനയിൽ പ്രധാന തടസ്സമായി നിന്നിരുന്നത് ആവശ്യമായ സ്ഥല-ഭൗതിക സൗകര്യം ഇല്ലാത്തതായിരുന്നു.
ഒടുവിൽ ടെക്നിക്കൽ സ്കൂളിെൻറ പേരിലുള്ള ഭൂമി പോളിടെക്നിക്കിന് വിട്ടുകൊടുത്ത് അന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഇടതു സർക്കാർ വന്നപ്പോൾ യു.ഡി.എഫ് സർക്കാറിെൻറ അവസാന മന്ത്രിസഭാ കാലത്തെടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കിയ കൂട്ടത്തിൽ ഇതും ഉൾപ്പെടുകയായിരുന്നു.
കെട്ടിട നിർമാണം ഒച്ചുവേഗത്തിൽ
വർഷം 10 പിന്നിടുമ്പോഴും പോളിടെക്നിക്കിന് ആവശ്യമായ കെട്ടിട നിർമാണം ഒച്ചുവേഗത്തിലാണ്. രണ്ടുകോടി രൂപയുടെ കെട്ടിട നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്.
നേരത്തെ ടെക്നിക്കൽ സ്കൂളിന് പണിത 1.95 കോടിയുടെ കെട്ടിടം പോളിടെക്നിക്കിന് വിട്ടുകൊടുത്തിരുന്നു. കെ.സി. ജോസഫ് എം.എൽ.എ, എ.കെ. ആൻറണി എന്നിവരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണിത കെട്ടിടങ്ങളുടെ മറ്റ് പ്രവൃത്തികളും പൂർത്തിയായിട്ടില്ല.
പഠനത്തിന് നീണ്ട യാത്ര
പോളിടെക്നിക്കിൽ പഠനത്തിനായി അവസരം കിട്ടിയാൽതന്നെ മലയോര മേഖലയിലുള്ള വിദ്യാർഥികൾ നിലവിൽ 50-90 കി.മീറ്ററിലധികം യാത്ര ചെയ്യണം.
കണ്ണൂർ തോട്ടട, മട്ടന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് നിലവിൽ പോളിടെക്നിക്കുള്ളത്. യാത്രാപ്രശ്നം രൂക്ഷമായതിനാൽ മലയോരത്തെ വിദ്യാർഥികൾ പലരും ദൂരങ്ങളിൽ ചെന്നുള്ള പഠനം ഒഴിവാക്കുകയാണ്. നടുവിൽ പോളിടെക്നിക് യാഥാർഥ്യമായാൽ അത് മലയോര മേഖലയിലുള്ളവർക്ക് വലിയ ഗുണമാകും.
രാഷ്ട്രീയ പാർട്ടികൾ മൗനവ്രതത്തിൽ
പോളിടെക്നിക്കിെൻറ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനവ്രതത്തിലാണ്. കാര്യമായ ഇടപെടലുകൾ നടത്താൻ ആരും തയാറാവാത്തതിനാലാണ് പോളിടെക്നിക് പാതിയിൽ കുടുങ്ങിയത്.
യു.ഡി.എഫ് പ്രഖ്യാപിച്ച പോളിടെക്നിക് അവർ യാഥാർഥ്യമാക്കിയില്ലെന്നായിരുന്നു ഇടതിെൻറ ആരോപണം. എന്നാൽ, എൽ.ഡി.എഫ് അധികാരത്തിലേറി അഞ്ചുവർഷം തികയുമ്പോഴും ഈ പോളിടെക്നിക്കിന് ജീവൻ നൽകിയില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.