ആവേശമായി ദേശീയ ചൂണ്ടയിടൽ മത്സരം: റഫീഖ് കാദർ ജേതാവ്
text_fieldsഏഴോം: മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം. 69 പേർ പങ്കെടുത്ത മത്സരത്തിൽ 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ടുപിടിച്ച് കാസർകോട് സ്വദേശി റഫീഖ് കാദർ ജേതാവായി. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയിൽ കോർത്ത മലപ്പുറം സ്വദേശി എൻ. സലാഹുദ്ദീൻ രണ്ടാംസ്ഥാനം നേടി.
കണ്ണൂർ സ്വദേശി എം.സി. രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് കാസർകോട് നാലാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതൽ തൂക്കം ലഭിക്കുന്ന മത്സ്യം പിടിക്കുന്നവരാണ് വിജയികളായത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു.
മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങൾ ഉൾപ്പെടെ 69 പേർ ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയിൽ നടന്ന മത്സരത്തിൽ പങ്കാളികളായി. സമാപനത്തിൽ ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ആംഗ്ലിങ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശീതൾ കാളിയത്ത്, മാനേജർ കെ. സജീവൻ, പി.കെ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് കെ.എൻ. ഗീത, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. അനിൽകുമാർ, പഞ്ചായത്തംഗം കെ.വി. രാജൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. നാരായണൻ, സബ് കലക്ടർ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഏഴിലം ചെയർമാൻ പി. അബ്ദുൽഖാദർ, എം.ഡി പി.പി. രവീന്ദ്രൻ, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.