ദേശീയപാത വികസനം ഹൈസ്പീഡിൽ
text_fieldsകണ്ണൂർ: ദേശീയപാത വികസനത്തിെൻറ ഭാഗമായുള്ള ബൈപാസ് നിർമാണം അതിവേഗത്തിൽ. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകളിലെ പാലം നിർമാണവും റോഡ് വീതി കൂട്ടലും ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്.
തളിപ്പറമ്പ് - മുഴപ്പിലങ്ങാട്, തളിപ്പറമ്പ് - നീലേശ്വരം എന്നിങ്ങനെ രണ്ട് റീച്ചുകളിലായാണ് ബൈപസ് നിർമാണം. രണ്ടു റീച്ചിലും വ്യത്യസ്ത കമ്പനിക്കാണ് നിർമാണ ചുമതല. തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെ 30 കിലോമീറ്ററിൽ വിവിധ സ്ഥലങ്ങളിൽ പ്രവൃത്തി ആരംഭിച്ചു. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകൾക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരം മുറിച്ചുനീക്കൽ ഏറക്കുറെ പൂർത്തിയായി.
പലയിടത്തും മണ്ണിടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വളപട്ടണം പുഴയിലെ പാലം നിർമാണത്തിന് പാപ്പിനിശേരി തുരുത്തിയിൽ പൈലിങ്ങും തുടങ്ങി. കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തിന് ഒരു കിലോമീറ്റർ നീളമുണ്ടാകും. രണ്ട് റീച്ചുകളിലും ഇരുഭാഗങ്ങളിലുമായി പാത വികസനത്തിനായി 200 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുത്തത്. സ്ഥലമേറ്റെടുക്കലിലെ എതിർപ്പും മറ്റുമാണ് നിർമാണം വൈകിപ്പിച്ചത്.
നാലുവരിയാക്കുന്നതിനൊപ്പം നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങൾ കുറക്കും. വളവുകൾ നിവർത്തുന്നുമുണ്ട്. മുഴപ്പിലങ്ങാട് -മാഹി ബൈപാസ് മേയിൽ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ത്വരിത ഗതിയിലാണ്.
പ്രാഥമിക നടപടി അന്തിമ ഘട്ടത്തിൽ
കാസർകോട് ജില്ലയിലെ തലപ്പാടി -ചെങ്കള, ചെങ്കള-നീലേശ്വരം, കണ്ണൂർ ജില്ലയിലെ പേരോൾ- തളിപ്പറമ്പ്, തളിപ്പറമ്പ് -മുഴപ്പിലങ്ങാട്, കോഴിക്കോട് ജില്ലയിലെ അഴിയൂർ- വെങ്ങളം, മലപ്പുറം ജില്ല ഉൾപ്പെടുന്ന രാമനാട്ടുകര -വളാഞ്ചേരി, വളാഞ്ചേരി -കാപ്പിരിക്കാട്, കൊല്ലം ജില്ലയിലെ കൊറ്റൻകുളങ്ങര-കൊല്ലം ബൈപാസ്, കൊല്ലം ബൈപാസ് - കടമ്പാട്ടുകോണം എന്നീ റീച്ചുകളുടെ പ്രാഥമിക നടപടികൾ പൂർത്തിയായിവരുകയാണ്.
കൂടാതെ തലശേരി -മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ്, നീലേശ്വരം റെയിൽവേ മേൽപ്പാലം, വടകര പാലോളി, മൂരാട് പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.