ദേശീയപാത വികസനം: അടച്ച റോഡ് തുറന്നു
text_fieldsകല്യാശ്ശേരി: ദേശീയപാത വികസനത്തിനിടയിൽ വഴിമുട്ടിച്ച കല്യാശ്ശേരിയിൽ അടച്ച ഒരു ഗ്രാമീണ റോഡ് തുറന്നു. കല്യാശ്ശേരി സി.ആർ.സി റോഡിന് മറുഭാഗത്ത് കിടക്കുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഈച്ച അപ്പയുടെ പേരിലുള്ള റോഡാണ് കഴിഞ്ഞ ദിവസം മണ്ണിട്ടുയർത്തി പുതിയ പാതയിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കിയത്. ഇത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി.
നൂറുകണക്കിന് കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും ബാങ്കും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന റോഡ് നാലു മാസം മുമ്പാണ് അടച്ചത്. ഇതുമൂലം പ്രദേശവാസികൾ രണ്ട് കിലോ മീറ്റർ ചുറ്റിയാണ് നിലവിൽ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നത്. ദേശീയപാതയിൽ കല്യാശ്ശേരിയിൽ നിന്ന് മവ്വാടി വയലിലേക്കുള്ള പ്രധാന ഗ്രാമപാതകൂടിയാണിത്.
ഇതേ റോഡരികിലുള്ള വീട്ടുകാർക്ക് ദേശീയപാത നോക്കിയാൽ കാണുന്ന സ്ഥലത്താണെങ്കിലും ആ പാതയിലെത്താൻ മാസങ്ങളായി ദുരിത യാത്രയായിരുന്നു. കല്യാശ്ശേരിയിൽ വഴിമുട്ടിയ 14 പ്രാദേശിക പാതകളിൽ ഒന്നുമാത്രമാണിത്. മുട്ടിച്ച വഴികൾ തുറന്ന് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മാസങ്ങളായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. ഇതോടൊപ്പം പഞ്ചായത്ത് ഭരണസമിതിയും ഒരു ബഹുജന പോരാട്ടത്തിന്റെ പാതയിലാണ്.
പഞ്ചായത്തിലെ പ്രദേശങ്ങളെ രണ്ടായി മുറിക്കാതെ ഒരു അടിപ്പാതയിലൂടെ ബന്ധിപ്പിച്ചു നിർത്താനുള്ള നിർദേശം അധികൃതരുടെ പരിഗണനക്കായി സമർപ്പിച്ചുനിൽക്കുന്ന അവസരത്തിൽ ഒരു റോഡ് തുറന്നുകിട്ടിയത് പ്രദേശവാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ധാരാളം വിദ്യാർഥികൾ അനുദിനം എത്തിച്ചേരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട സ്ഥലത്ത് അടിപ്പാത അനുവദിച്ചുകിട്ടും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും പഞ്ചായത്തധികൃതരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.