ദേശീയപാത വികസനം; നഷ്ടപരിഹാരം ലഭിക്കാതെ ഭൂവുടമകൾ
text_fieldsതളിപ്പറമ്പ്: ദേശീയപാത വികസനത്തിന് സ്ഥലംവിട്ടുകൊടുത്തിട്ടും നഷ്ടപരിഹാരം ലഭിക്കാതെ പരിയാരത്ത് ഇനിയും ഒട്ടേറെ കുടുംബങ്ങൾ. നവംബറിൽ പല കുടുംബങ്ങൾക്കും പണം നൽകിയെങ്കിലും ഒരു വിഭാഗത്തിന് ഇനിയും ഫണ്ട് നൽകിയില്ല.
സംസ്ഥാന സർക്കാറിെൻറ 25 ശതമാനം ഫണ്ട് ലഭിക്കാത്തതിനാലാണ് കുടുംബങ്ങൾക്ക് പണം നൽകാൻ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. 2014 മുതൽ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടികളാരംഭിച്ചപ്പോൾ കാര്യമായ തടസ്സവാദങ്ങളുമായെത്താത്തവരാണ് പരിയാരത്തുള്ളത്.
നഷ്ടപരിഹാരത്തിനായി ഇവർ തളിപ്പറമ്പിലെ ദേശീയപാത സ്പെഷൽ ഡെപ്യൂട്ടി കലക്ടർ എൽ.എ ഓഫിസിൽ അന്വേഷിച്ചിരുന്നു.
അനുവദിച്ച 75 ശതമാനം കേന്ദ്ര ഫണ്ട് കുറ്റിക്കോൽ ഭാഗത്തുള്ളവർക്ക് നൽകിയതായും സംസ്ഥാന സർക്കാറിൽ നിന്ന് ബാക്കിയുള്ള 25 ശതമാനം തുക ലഭിച്ചില്ലെന്നുമാണ് അധികൃതർ നൽകിയ മറുപടി.
ദേശീയപാതക്ക് സ്ഥലംവിട്ടുകൊടുക്കലുമായി ബന്ധപ്പെട്ട് യഥാർഥ ഭൂരേഖയുൾപ്പെടെ ആവശ്യപ്പെട്ട രേഖകെളല്ലാം പരിയാരം സ്വദേശികൾ ദേശീയപാത വിഭാഗം ഓഫിസിലേൽപിച്ചിട്ട് ഇരുപത് മാസത്തിലേറെയായി. വികസനത്തോടൊപ്പം നിൽക്കുമ്പോൾ നഷ്ടപരിഹാരം വേഗത്തിലുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥലമുടമകൾ.
വീടും സ്ഥലവും വിട്ടുനൽകിയവർ താമസം മാറാൻ ഒരുങ്ങിനിൽക്കുകയാണ്. ചിലർ വായ്പയെടുത്തും മറ്റും പുതിയ സ്ഥലം വാങ്ങുകയും വീടുനിർമാണമാരംഭിക്കുകയും ചെയ്തു.
വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ നഷ്ടപ്പെടുന്നവർ ഭാവിപരിപാടികൾ ആസൂത്രണംചെയ്ത് പണം മുടക്കി പാതിവഴിയിലായിരിക്കുകയുമാണ്. നവംബറോടെ സ്ഥലമെടുപ്പ് വേഗത്തിലാക്കുമെന്നും ഫണ്ട് എത്തുമെന്നുമാണ് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞത്. പണം ലഭിക്കുന്നത് ഇനിയും വൈകുകയാണെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.