ദേശീയപാത വികസനം; മുഴപ്പിലങ്ങാട് മത്സ്യ മാർക്കറ്റുകൾ പൊളിച്ചു തുടങ്ങി
text_fieldsമുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാത കടന്നുപോകുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിന്റെ മത്സ്യ, മാംസ മാർക്കറ്റുകൾ പൊളിച്ചു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലധികമായി ദേശീയപാത അധികൃതർ ഇവ പൊളിച്ചുമാറ്റാൻ മാർക്കറ്റിലെ കച്ചവടക്കാരോടാവശ്യപ്പെട്ടിരുന്നു. നേരത്തേ ബസാറിെന്റ കിഴക്ക് ഭാഗത്തായിരുന്നു മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്.
കുളം കടവ് റോഡ് നവീകരണ ഭാഗമായി പൊളിച്ചുനീക്കിയ മാർക്കറ്റ് പഞ്ചായത്തിന്റെ അനുമതിയോടെ രണ്ടു വർഷം മുമ്പാണ് വ്യാപാരികൾ തന്നെ മുൻകൈയെടുത്ത് ദേശീയ പാതക്കരികിൽ പുതിയ മാർക്കറ്റ് നിർമിച്ചത്.
അന്ന് നിർമിച്ച മാർക്കറ്റ് കെട്ടിടവും താൽക്കാലിക ഷെഡുമാണ് ഇപ്പോൾ പൊളിച്ചുനീക്കുന്നത്. നിർമാണ ഘട്ടത്തിൽ അധികം വൈകാതെ തന്നെ മാർക്കറ്റിനായി മറ്റൊരു സംവിധാനം ഒരുക്കാമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം രണ്ടു വർഷത്തിലധികമായിട്ടും നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റ് പൊളിച്ചതോടെ ഉപജീവന മാർഗം മുടങ്ങിയിരിക്കുകയാണെന്ന് അവർ പറഞ്ഞു.
ഭിന്നശേഷിക്കാരുൾപ്പെടെ 20ലേറെ വ്യാപാരികൾ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ കൈവശമുള്ള ബസാറിലെ ഭൂമി കേസിൽ പെട്ടതും മറ്റൊരു ഭൂമി തിരിച്ചുപിടിക്കുന്നതിലെ കാലതാമസവുമാണ് മുഴപ്പിലങ്ങാട് മാർക്കറ്റ് നിർമിക്കുന്നതിന് തടസ്സമാവുന്നതെന്ന് പ്രസിഡൻറ് ടി. സജിത പറഞ്ഞു. ദേശീയപാതയുടെയും റെയിൽവേയുടെയും ഇടയിൽ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി താലൂക്ക് സർവേയർ 15ന് അളന്ന് തിട്ടപ്പെടുത്തുമെന്നും അങ്ങനെയാണെങ്കിൽ അവിടെ മാർക്കറ്റിന് താൽക്കാലിക ഷെഡ് കെട്ടാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.