ദേശീയ പാത വികസനം; പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം
text_fieldsകണ്ണൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല വികസന സമിതി യോഗത്തിൽ നിർദേശം. വിവിധ വകുപ്പുകൾക്ക് പ്രശ്നപരിഹാരത്തിന് ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി. പദ്മ ചന്ദ്രക്കുറുപ്പ് നിർദേശം നൽകി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ എം.എൽ.എ നൽകിയ കത്ത് പരിഗണിച്ചാണിത്. തളിപ്പറമ്പ് കുപ്പം പുഴയിൽ ദേശീയപാതയിൽ പുതിയ പാലം നിർമിക്കുന്നതിന് പുഴയിൽ മണ്ണ് ഇട്ടതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുഴ കയറി നിരവധി കാർഷിക വിളകൾ ഒഴുകി പോയിരുന്നു.
കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനും കര സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കീഴാറ്റൂർ തിട്ടയിൽ പാലം മേൽപാലം വരുന്നതിന്റെ ഭാഗമായി നിർമിച്ച അടിപ്പാത സംബന്ധിച്ച പ്രശ്നത്തിന്മേൽ നടപടി ഉണ്ടാകണം. തളിപ്പറമ്പ് പട്ടുവം റോഡിൽ ഇരു വശവും മണ്ണിടിച്ച ഭാഗത്ത് നടക്കുന്ന പ്ലാസ്റ്ററിങ് പ്രായോഗികമല്ലെന്നും മറ്റ് മാർഗം ആലോചിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാകുമെന്നും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ഈ കാര്യത്തിലും തീരുമാനം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ഏഴാം മൈൽ-കൂവോട് റോഡിൽ അടിപ്പാത നിർമിക്കുന്നതിനോട് ചേർന്ന് തളിപ്പറമ്പ് നഗരത്തിൽ നിന്നുൾപ്പെടെ വലിയ രീതിയിൽ വെള്ളം പോകുന്ന തോട് നിലവിൽ വീതി കുറച്ച് കോൺക്രീറ്റ് ചെയ്തു വരുന്നുണ്ട്. ആറ് മീറ്റർ വീതിയിൽ വേണം ഇത് നിർമിക്കാനെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതെ രാത്രിയിൽ കോൺക്രീറ്റ് ചെയ്ത് പോയതായി ശ്രദ്ധയിൽപെട്ടു. തളിപ്പറമ്പിൽ നിന്നും വരുന്ന കുറ്റിക്കോൽ പുഴയിൽ ചെന്ന് പതിക്കുന്ന തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയും അതിന്റെ വീതി കുറച്ചും പ്രവൃത്തി പൂർത്തീകരിച്ചാൽ ഗുരുതരമായ വെള്ളപ്പൊക്കവും പകർച്ച വ്യാധിയും ഈ മേഖലയിൽ വരാൻ ഇടയാകുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഈ വിഷയങ്ങളിൽ നടപടിയെടുക്കാൻ എ.ഡി.എം നിർദേശം നൽകിയത്.
പയ്യന്നൂർ മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട് പാലം നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ട് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയത് നീക്കിയതായും താഴേക്കുള്ള ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിച്ചതായും എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
ദേശീയപാതയുടെ അധീനതയിലുള്ള പുതിയതെരു ടൗണിൽ രണ്ടാഴ്ചക്കുള്ളിൽ ടാറിങ് പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
എ.ബി.സി പദ്ധതി; കൂടുതൽ കൂട് സ്ഥാപിക്കും
തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ ജില്ല പഞ്ചായത്തിന്റെ എ.ബി.സി പദ്ധതി പ്രകാരമുള്ള പടിയൂരിലെ എ.ബി.സി സെന്ററിൽ നിലവിലുള്ള 48 കൂടുകൾക്ക് പുറമേ കൂടുതൽ കൂട് സ്ഥാപിക്കാനുള്ള ഷെഡ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നും എ.ഡി.എം അറിയിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തിലെ ബസ് ഷെൽട്ടറുകളുടെ നിർമാണം, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, തെരുവ് വിളക്കുകളുടെ ലൈൻ വലിക്കൽ തുടങ്ങിയ പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീക്കി പദ്ധതി വേഗത്തിൽ നടപ്പാക്കാൻ നടപടിയുണ്ടാവണമെന്ന് കെ.പി. മോഹനൻ എം.എൽ.എ കത്തിലൂടെ നിർദേശം നൽകി.
എയ്യൻ കല്ല് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി നിർവഹണം ഏറ്റെടുക്കുന്നതിനായി ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചതായും മറുപടി ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫിസർ അറിയിച്ചു. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിക്കപ്പെട്ടവരിൽ സ്ഥിരതാമസം ഇല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ ആളുകൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ കമ്മിറ്റി വിളിച്ച് ചേർത്ത് ആദ്യഘട്ടം കൈവശ അവകാശരേഖ അനുവദിക്കേണ്ടവരുടെ പട്ടിക ഡിസംബർ 30നകം ഹാജരാക്കാൻ ഐ.ടി.ഡി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പയ്യന്നൂർ സബ് ആർ.ടി ഓഫിസ് കെ.എസ്.ആർ.ടി.സി കോംപ്ലക്സിലേക്ക് മാറ്റാനുള്ള നടപടി ദുരിതപ്പെടുത്തുന്നതിന് ട്രാൻസ്പോർട്ട് കമീഷണറേറ്റിലേക്ക് കത്തയച്ചതായും നിർദേശം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണെന്നും കണ്ണൂർ ആർ.ടി.ഒ അറിയിച്ചു.
തലശ്ശേരി മാഹി റെയിൽവേ പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ അലൈമെന്റിൽ ഉൾപ്പെട്ട, ബാക്കിയുള്ള ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള ചില അപേക്ഷകൾ ഇപ്പോഴാണ് ലഭിച്ചതെന്നും അത് കൂടി ഏറ്റെടുക്കാനുള്ള വകുപ്പ് 94 പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിജ്ഞാപനം എത്രയും പെട്ടെന്ന് പുറപ്പെടുവിക്കുമെന്നും എൽ.എ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ഫണ്ട് ലഭ്യമായിട്ടുള്ള തലശ്ശേരി ജനറൽ ആശുപത്രിയുടെ വാട്ടർടാങ്ക്, കാഷ്വാലിറ്റി, ലിഫ്റ്റ് എന്നിവയുടെ നിർമാണത്തിന് 1.85 കോടി രൂപയുടെ ടെക്നിക്കൽ അനുമതി അടുത്ത ആഴ്ച ലഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
റെയിൽവേ ബസ് സ്റ്റോപ്പ് മാറ്റും
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തോട് ചേർന്ന് ബസ് നിർത്തുന്നത് മൂലമുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാൻ പ്രസ്തുത ബസ് സ്റ്റോപ്പ് കിഴക്കേ കവാടത്തിന് അൽപം മുന്നോട്ട് ആക്കുന്നത് സംബന്ധിച്ച് പരിശോധന കഴിഞ്ഞെന്നും മാറ്റുന്നതിന് ശുപാർശ ചെയ്തതായും കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. കണ്ണൂർ ജില്ലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പൊതുജനങ്ങൾക്കായി പൊതു ടോയ്ലറ്റ് നിർമിക്കുന്ന പദ്ധതിക്ക് 4.5 ലക്ഷം രൂപ വകയിരുത്തിയതായും ഡി.പി.സി അംഗീകാരം ലഭ്യമായ പ്രകാരം എസ്റ്റിമേറ്റും തുടർന്ന് നടപടികളും സ്വീകരിച്ചു വരുന്നതായും കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി പറഞ്ഞു. യോഗ നടപടികൾക്ക് മുമ്പായി അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, സാഹിത്യകാരൻ എം.ടി. വാസുദേവൻനായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.