ദേശീയപാത വികസനം: ഇല്ല, കല്യാശ്ശേരിയിൽ അടിപ്പാത
text_fieldsകല്യാശ്ശേരി: ദേശീയപാതയിൽ അടിപ്പാതകളും ഫ്ലൈ ഓവറുകളും പണിയുന്ന സ്ഥലങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കല്യാശ്ശേരിയെ ഒഴിവാക്കി. കല്യാശ്ശേരിയിൽ അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അധികൃതരടക്കമുള്ളവർ സ്ഥലം സന്ദർശിച്ചശേഷം നേരത്തെ ഉറപ്പുനൽകിയിരുന്നു. കല്യാശ്ശേരി സ്കൂളിന് സമീപം അടിപ്പാത വേണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം പരിഗണിച്ച് ചെറുവാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന നിലയിൽ മൂന്നുമീറ്റർ വീതിയിൽ അടിപ്പാത അനുവദിക്കാമെന്നായിരുന്നു കഴിഞ്ഞ മാസം കല്യാശ്ശേരി സന്ദർശിച്ച ദേശീയപാത അധികൃതർ ഉറപ്പ് നൽകിയത്.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക്, ആശുപത്രി, വില്ലേജ് ഓഫിസ് ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുള്ള പ്രധാന കേന്ദ്രമായതിനാലാണ് കല്യാശ്ശേരിയിൽ കെ.വി. മന്ദിരത്തിന് സമീപം അടിപ്പാത വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരി മോഡൽപോളി മുതൽ കീച്ചേരി വരെ വയക്കര വയലിലൂടെ കടന്നു പോകുന്ന ബൈപാസ് റോഡിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. കല്യാശ്ശേരി മുതൽ കീച്ചേരി വരെ കല്യാശ്ശേരിയിലെ പ്രമുഖമായ വയക്കര പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒരു കി. മീറ്റർ ദൈർഘ്യത്തിലാണ് ബൈപാസ്. കണ്ണൂർ ബൈപാസിലെ പ്രധാന പാടശേഖരം കൂടിയാണിത്. ബൈപാസിന്റെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. ജനവാസകേന്ദ്രമായ ഹാജിമൊട്ടയിൽ ടോൾപ്ലാസ നിർമാണവും തകൃതിയായി നടക്കുന്നു. ഇത് ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കും. ടോൾപ്ലാസ നിർമാണത്തിന് മാറ്റമില്ലെന്ന ധാരണയിൽ തന്നെയാണ് പ്രവൃത്തികൾ മുന്നോട്ടുനീങ്ങുന്നത്.
വയക്കര വയലിയിലെ ബൈപാസ് റോഡിൽ മെക്കാഡം ടാറിങ്ങ് അടക്കമുള്ള പ്രവൃത്തികൾ വേഗത്തിലാണ്. കല്യാശ്ശേരി ഹാജി മൊട്ടയിലെ നിർദിഷ്ട ടോൾ പ്ലാസവയക്കര വയലിലേക്ക് മാറ്റി ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്ന് കല്യാശ്ശേരി പഞ്ചായത്ത് ഭരണസമിതി അടക്കം ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ അത്തരംനിർദേശം പൂർണമായി അവഗണിച്ചു. കല്യാശ്ശേരിയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ജനങ്ങൾ മുട്ടാത്തവാതിലുകളില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.