വികസന വിപ്ലവം തേടി...
text_fieldsഇല്ലായ്മയുടെ ഇരിക്കൂർ
പരാധീനതകൾ ഏറെയുള്ള നിയമസഭ മണ്ഡലമാണ് ഇരിക്കൂർ. കാർഷിക മേഖലയായിട്ടും വിളസംഭരണ കേന്ദ്രങ്ങളോ വ്യവസായങ്ങളോ ഇവിടെയില്ല. ഭവനരഹിതർ പലയിടത്തുമുണ്ട്. ഭൂമിയില്ലാത്തതിനാൽ വീട് ലഭിക്കാത്തവരും പാതിവഴിയിൽ ലൈഫ് ഭവനപദ്ധതി നിർത്തിയവരും ഉണ്ട്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളിലും അപര്യാപ്തതയുണ്ട്.
ഇവിടെയൊന്നും കിട്ടിയില്ലാ...
അഗ്നിരക്ഷാനിലയവും കോടതിയുമെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി സർക്കാർ കോളജും പ്രഖ്യാപനത്തിലൊതുക്കി.ജില്ലയിലെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏറെയും ഇരിക്കൂർ മണ്ഡലത്തിലാണ്. അതനുസരിച്ചുള്ള വികസനമില്ല ആദിവാസി കോളനി മേഖലയിലെ റോഡുകൾ മോശം നടുവിൽ-ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡിന് അരനൂറ്റാണ്ടിന്റെ അവഗണന സ്കൂളുകളിൽ കെട്ടിടത്തിന്റെ അഭാവം ഹയർ സെക്കൻഡറി സീറ്റുക്ഷാമം മണ്ഡലത്തിൽ ഒറ്റ സർക്കാർ കോളജ് പോലുമില്ല. (ശ്രീകണ്ഠപുരം കക്കണ്ണൻ പാറയിൽ കലാഗ്രാമത്തോട് ചേർന്ന് ഏക്കറുകണക്കിന് ഭൂമിയുണ്ട്. ഇവിടെ ഫൈൻ ആർട്സ് കോളജ് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല)
കുടിവെള്ളപ്രശ്നം ഏറെ
പഴശ്ശി പദ്ധതിയും ജപ്പാൻ പദ്ധതിയും മണ്ഡലത്തിലൂടെ കടന്നുപോകുമ്പോഴും പലയിടത്തും വെള്ളം കിട്ടാക്കനി. വേനൽ തുടങ്ങുംമുമ്പേ കുടിനീർ ക്ഷാമം മലമടക്കുഗ്രാമങ്ങളിലും നിലവിൽ ടൗൺപ്രദേശങ്ങളിലും അനുഭവിക്കുന്നുണ്ട്. നടുവിൽ, നിടിയേങ്ങ, ചേപ്പറമ്പ്, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, ആലക്കോട് മേഖലകളിലെല്ലാം കുടിനീർ ക്ഷാമമുണ്ട്.
ക്ഷയിച്ച് ആരോഗ്യമേഖല
മികച്ച കിടത്തിച്ചികിത്സയുള്ള ആശുപത്രി ഇന്നും മണ്ഡലത്തിലില്ല. ഇരിക്കൂർ സി.എച്ച്.സിയിൽ നാമമാത്ര കിടത്തിച്ചികിത്സയുണ്ട്. മലമടക്കുകളിലുള്ളവരെല്ലാം ചെറിയ അസുഖത്തിനുപോലും ഉച്ച കഴിഞ്ഞാൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലോ കണ്ണൂരിലോ പരിയാരത്തോ പോകണം. മണ്ഡലത്തിന്റെ സിരാകേന്ദ്രമായിട്ടും ശ്രീകണ്ഠപുരത്ത് കിടത്തിച്ചികിത്സയുള്ള മികച്ച സർക്കാർ ആശുപത്രി ഇപ്പോഴും സ്വപ്നം മാത്രമാണ്. കൂട്ടുംമുഖം, ചെങ്ങളായി, ചുഴലി തട്ടേരി, പയ്യാവൂർ, ഏരുവേശി, നടുവിൽ, ഉളിക്കൽ, ആലക്കോട്, ഉദയഗിരി എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ഉച്ചവരെ മാത്രം.
താളം തേടി തളിപ്പറമ്പ്
സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതികൾക്ക് ഫോളോ അപ് ഉണ്ടായില്ല എന്നതാണ് തളിപ്പറമ്പ് മണ്ഡലത്തിലെ വികസന ചിത്രം പരിശോധിച്ചപ്പോൾ വ്യക്തമായത്. ഭാവിയില്‍ വലിയ വികസന സാധ്യത കൽപിച്ചിരുന്ന വില്ലേജ് നോളജ് സെന്ററുകൾ ഉദാഹരണം. ഇക്കോ ടൂറിസം പദ്ധതിയും ഇതിനുദാഹരണമാണ്.
നോക്കുകുത്തികളായി വില്ലേജ് നോളജ് സെന്ററുകൾ
കൊട്ടിഘോഷിച്ച് നിർമിച്ച വില്ലേജ് നോളജ് സെന്ററുകൾ നോക്കുകുത്തികളാകുന്നു. മണ്ഡലത്തിലെ ഏഴുപഞ്ചായത്തിൽ കോടികൾ ചെലവഴിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല. ഒരു കെട്ടിടത്തിന് 40 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തിലൂടെ കാലാവസ്ഥ, മണ്ണ് എന്നിവയുടെ വിവരങ്ങള്‍ യഥാസമയം അറിയിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ സെന്ററില്‍ വിഭാവനം ചെയ്തത്.
തകർന്ന റോഡുകൾ
തളിപ്പറമ്പ് നഗരസഭയിലൂടെയും കൂറുമാത്തൂർ പഞ്ചായത്തിലൂടെയും വിമാനത്താവളത്തിലേക്ക് എത്താൻ ഉദ്ദേശിച്ച് കിഫ്ബി അഞ്ചുവർഷം മുമ്പ് ഏറ്റെടുത്ത റോഡ് കാൽനടപോലും ദുഷ്കരമായ അവസ്ഥയിൽ.
തളിപ്പറമ്പ്-ആലക്കോട് റോഡിലെ ടാഗോർ വിദ്യാനികേതന്‍ മുന്നിലൂടെ തുടങ്ങുന്ന റോഡ്, സർ സയ്യിദ് കോളജിന് മുന്നിലൂടെയും പിന്നിലൂടെയും കടന്നാണ് കുറുമാത്തൂർ പഞ്ചായത്തിലെ ഭാഗങ്ങളിലൂടെ പോയി തളിപ്പറമ്പ്-മുയ്യം-ബാവുപ്പറമ്പ റോഡിൽ ചേരുന്നത്. അഞ്ച് വർഷത്തോളമായി ടാറിങ് നടക്കാത്തതിനാൽ ഈ റോഡിന്റെ അവസ്ഥ പരിതാപകരം.
ഇരുന്നുപോയ ഇക്കോ ടൂറിസം പദ്ധതി
ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ സ്ഥലമാണ് ആന്തൂർ നഗരസഭയിലെ വെള്ളിക്കീൽ. ലക്ഷങ്ങൾ ചെലവഴിച്ച് ആരംഭിച്ച പദ്ധതി ആദ്യകാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ഒത്തുചേരാൻ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. വിഭവസമൃദ്ധമായ പുഴമത്സ്യം ഉൾപ്പെടെയുള്ള നാടൻ രുചികളുടെ രസമുള്ള ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ ഹോട്ടൽ ഉൾപ്പെടെ പുഴയിൽ നിർമിച്ചിരുന്നു. ഇന്ന് അവയുടെ അവശിഷ്ടം പോലും കാണാനില്ല. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച നിരവധി സോളാർ തെരുവുവിളക്കുകളും ബാറ്ററികൾ കവർന്ന നിലയിൽ നിലംപൊത്തിക്കിടക്കുകയാണ്.
കര കയറാന്‍ കല്ല്യാശ്ശേരി
കുടിവെള്ളക്ഷാമവും ഗതാഗതസൗകര്യ വികസനവും വെള്ളക്കെട്ടും അടക്കമുള്ള അടിസ്ഥാന കാര്യങ്ങളാണ് മണ്ഡലത്തിലെ അടിത്തട്ടിൽനിന്ന് ആവശ്യങ്ങളായി ഉന്നയിക്കപ്പെടുന്നത്. അവ അടിയന്തര സ്വഭാവത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം മണ്ഡലത്തിന്റെ അഭിമാനമാകുന്ന വലിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കപ്പെടേണ്ടതുണ്ട്. അതിനൊക്കെ സാധ്യതയുള്ള മണ്ഡലംതന്നെയാണ് കല്യാശ്ശേരി
വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയങ്ങാടി ടൗൺ അടിപ്പാതയിലെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നമാണ്. ബജറ്റിൽ ആറു കോടി നീക്കിയിരിപ്പ് നടത്തിയെങ്കിലും എന്നു യാഥാർഥ്യമാകുമെന്നതിന്റെ ഒരു സൂചനയും ലഭ്യമായില്ല.
മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം അപകടങ്ങളുടെ പരമ്പര.ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു.
കത്താത്ത വിളക്കുകൾ
230ഓളം വിളക്കുകൾ സ്ഥാപിച്ച മേഖലയിൽ വിരലിലെണ്ണാവുന്ന വിളക്കുകൾ മാത്രമാണ് പ്രകാശിക്കുന്നത്. പ്രകാശരഹിതമായ പാത അപകടം വിതക്കുന്നു.
പുതിയങ്ങാടിയിൽ ഐസ് പ്ലാന്റ് വേണം
ഉത്തര കേരളത്തിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ സർക്കാർ ഐസ് പ്ലാന്റ് വേണമെന്നത് മത്സ്യ മേഖലയിലെ പ്രധാന ആവശ്യമാണ്.
ആരോഗ്യ മേഖലയിൽ ആൾക്ഷാമം
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതാണ് ആരോഗ്യമേഖല നേരിടുന്ന പ്രശ്നം. മണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തിപ്പിച്ചെങ്കിലും ജീവനക്കാരിലും സൗകര്യത്തിലും പുരോഗതിയുണ്ടായില്ല.
പയ്യെപ്പയ്യെ പയ്യന്നൂർ
ബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ പയ്യന്നൂർ നിയമസഭ മണ്ഡലം വികസനക്കുതിപ്പ് നടത്തിയേനെ. നിർമാണം ആരംഭിച്ചവതന്നെ ഇഴഞ്ഞുനീങ്ങുന്നുവെങ്കിൽ പൂർത്തിയായത് 10 വർഷമായി പൂട്ടിക്കിടക്കുന്നതാണ് ചെറുപുഴയിലെ കൊപ്ര ഡ്രയറിന്റെ കഥ. സർക്കാർ ഓഫിസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രധാന പോരായ്മയാണ്. അടിയന്തര സ്വഭാവത്തിൽ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടുകയാണിവിടെ...
താമസമെന്തേ, താമസസൗകര്യത്തിന്
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുടങ്ങിയ പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിലെ ലൈഫ് ഭവനപദ്ധതി പൂർത്തിയായില്ല. നിർമാണം നിലച്ച പദ്ധതി പുനരാരംഭിച്ചെങ്കിലും ഇഴയുകയാണ്. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്തെ രാജീവ് ദശലക്ഷം കോളനി പോരായ്മ പരിഹരിച്ച് താമസയോഗ്യമാക്കണം.
വൈകുന്ന പദ്ധതികൾ...
പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങൾ, ഗാന്ധി മാവ്, ഗാന്ധിസ്മൃതി മ്യൂസിയം, കവ്വായി കായൽ തുടങ്ങിയവ ഉൾപ്പെടുത്തി സമഗ്ര വിനോദസഞ്ചാര പദ്ധതിക്ക് രൂപം നൽകണം. മലയോരം കേന്ദ്രീകരിച്ച് കൊട്ടത്തലച്ചി, തിരുനെറ്റിക്കല്ല്, താബോര്‍ കുരിശുമല, കാനംവയല്‍, ചെറുപുഴ ചെക്ക്ഡാം കേന്ദ്രീകരിച്ച് വാട്ടര്‍ ടൂറിസം, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങി പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. പയ്യന്നൂർ നഗരസഭയിൽ നേരത്തേ അനുവദിച്ച സിനിമ തിയറ്റർ സ്ഥാപിക്കാനും നിർമാണം ഇഴയുന്ന ബസ് സ്റ്റാൻഡ് പൂർത്തിയാക്കാനും പുതിയ ടൗൺഹാൾ നിർമിക്കാനും നടപടി വേണം. വെള്ളൂര്‍-പെരിങ്ങോം റൂട്ടിലെ വടവന്തൂരില് അനുവദിച്ച പാലം നിര്‍മാണം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി ഇഴയുന്നു.
സർക്കാർ ഓഫിസുകളുടെ പായ്യാരം
മണ്ഡലത്തിന്റെ സർക്കാർ ഓഫിസുകൾ അസൗകര്യത്താൽ വീർപ്പുമുട്ടുകയാണ്. ചെറുപുഴ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമില്ല. ചെറുപുഴ സബ് ട്രഷറിക്ക് സ്വന്തം സ്ഥലം വാങ്ങിയെങ്കിലും കെട്ടിടംപണി ആരംഭിച്ചില്ല. ഇപ്പോഴും വാടകക്കെട്ടിടത്തില്‍.
പട്ടികജാതി വകുപ്പിനു കീഴില്‍ പെരിങ്ങോത്ത് അനുവദിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സ്വന്തമായി കെട്ടിടം പണിത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കുട്ടികളില്ലാത്തതിനാല്‍ ഇപ്പോള്‍ കാസർകോട് കരിന്തളത്ത് അനുവദിച്ച സ്പോര്‍ട്സ് സ്കൂളായി പ്രവര്‍ത്തിക്കുന്നു. ചെറുപുഴ പഞ്ചായത്തിൽ കേരകർഷകരെ സഹായിക്കാൻ സ്ഥാപിച്ച കൊപ്ര ഡ്രയർ 10 വർഷമായി പൂട്ടിക്കിടക്കുന്നു.
പയ്യന്നൂരിന് പ്രഖ്യാപനം പോരാ...
കര്‍ണാടകത്തിലെ തലക്കാവേരി, ബാഗമണ്ഡലം പ്രദേശങ്ങളുമായി ബന്ധപ്പെടാൻ ഉപകരിക്കുന്ന ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാത പ്രഖ്യാപനത്തില്‍ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.