കണ്ണൂരിൽ ഹൃദയം കീഴടക്കി നവകേരള സദസ്സ്
text_fieldsകണ്ണൂർ: നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ അഴീക്കോട് മണ്ഡലത്തിൽ തുടക്കം. കാൽ ലക്ഷത്തോളം പേരാണ് ചിറക്കൽ മന്ന സ്റ്റേഡിയത്തിൽ നടന്ന അഴീക്കോട് മണ്ഡലം നവകേരള സദസ്സിലേക്ക് എത്തിയത്. അഴീക്കോടിന്റെ ചരിത്രം പറയുന്ന ഇൻസ്റ്റലേഷനുകൾ ഒരുക്കിയിരുന്നു.
ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷൻ, അമിത സൂരജിന്റെ വയലിൻ അവതരണം എന്നിവ സദസ്സിനെ സംഗീത സാന്ദ്രമാക്കി. നർത്തകി ഷൈജ വിനീഷും സംഘവും അവതരിപ്പിച്ച സ്വാഗതഗാനം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് വിദ്യാർഥികളുടെ നാടൻ പാട്ട്, അഴീക്കോട് ഹൈസ്കൂൾ വിദ്യാർഥികളുടെ തിരുവാതിര, നാറാത്ത് ചെഗുവേര ക്ലബിന്റെ ഒപ്പന, അഴീക്കോട് ചിലങ്കയുടെ കൈകൊട്ടിക്കളി തുടങ്ങിയവയും അരങ്ങേറി.
11 ഓടെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി എന്നിവരെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നാലെ മറ്റ് മന്ത്രിസഭ അംഗങ്ങളുമെത്തി. കൈത്തറി മുണ്ട്, പൂക്കൾ എന്നിവ നൽകിയും ഷാൾ അണിയിച്ചും മണ്ഡലത്തിലെ സ്കൂൾ ലീഡർമാർ അവരെ സ്വീകരിച്ചു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കി 20 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ച വരെ 2357 പരാതികള്‍ സ്വീകരിച്ചു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.വി. ജയരാജന്, എം. പ്രകാശന്, ടി.വി. രാജേഷ്, ചിറക്കല്‍ വലിയ രാജ രാമവര്‍മ്മ രാജ, എസ്.ആര്.ഡി. പ്രസാദ്, ടി.ജെ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത് 2500 പരാതികൾ; പുരോഗതിയെ തകർക്കുന്നതാണ് യു.ഡി.എഫ് സമീപനം- മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആർക്കും എതിർക്കാൻ കഴിയാത്ത പദ്ധതികളെ പോലും എതിർക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം കലക്ടറേറ്റ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ മണ്ഡലം നവകേരള സദസ്സിനെത്തിയവർനാടിനെയും ജനങ്ങളെയും കണ്ടുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. എങ്ങനെ പുരോഗതി ഉണ്ടാക്കാമെന്നതിന് ഊന്നൽ നൽകി എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കം വെക്കുന്ന നടപടികളാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. എങ്ങനെ തകർക്കാം എന്നതാണ് യു.ഡി.എഫ് സമീപനം. 2021ന് ശേഷം എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാടിന്റെ പുരോഗതിക്കായല്ല യു.ഡി.എഫ് കാണുന്നത്.
എല്ലാ നടപടികളെയും എതിർത്ത് പദ്ധതി തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ പദ്ധതിക്ക് എതിരായതിനാൽ ഇത് ഇപ്പോൾ പാടില്ലെന്നാണ് നിലപാട്. ഈ സമീപനം 2016ൽ സ്വീകരിച്ചിരുന്നുവെങ്കിൽ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ പ്രോജക്ട് എന്നിവ യാഥാർഥ്യമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിൽ പങ്കെടുക്കാനാനെത്തിയവർ കലക്ടറേറ്റ് മൈതാനിയിലെ വേദിയും നിറഞ്ഞ് വഴിയോരങ്ങളിലും തിങ്ങിക്കൂടിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമെത്തി.
ഫോക് ലോർ അക്കാദമി പുരസ്കാര ജേതാക്കളായ റംഷി പട്ടുവം, സുരേഷ് പള്ളിപ്പാറ എന്നിവർ നയിച്ച മെഗാ ഫോക് ഷോയോടെയാണ് മണ്ഡലം നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ചെണ്ടമേളയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ 15 കൗണ്ടറുകളിൽ നിന്നുമായി സ്വീകരിച്ചത് 2500 പരാതികളാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. വി. ശിവദാസൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, പന്ന്യൻ രവീന്ദ്രൻ, പി.കെ. പ്രമീള, എ. അനിഷ തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; നവകേരള സദസ്സിനെ തെരുവിൽ നേരിട്ടാൽ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണമെന്ന് മുഖ്യമന്ത്രി
പിണറായി: തങ്ങളുടെ സ്വന്തം ജനപ്രതിനിധിയായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ഉച്ചക്ക് ഒന്നു മുതൽ നിരവധിപേർ പരിപാടി നടക്കുന്ന പിണറായി കൺവെൻഷൻ സെന്ററിന് സമീപമെത്തി. മൂന്നോടെ മൈതാനം നിറഞ്ഞ് കവിഞ്ഞു.
ആളുകൾ കൺവെൻഷൻ സെന്റർ അങ്കണത്തിലും വഴിയോരങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നു. പിണറായിയുടെ വീഥികളെല്ലാം ആളുകളെകൊണ്ട് നിറഞ്ഞു. കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ധർമടം മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങളെ നഗരിയിലേക്ക് വരവേറ്റത്. മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 5.30 ഓടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്.
നവകേരള സദസ്സിനെ തെരുവിൽ നേരിടുമെന്ന് ചിലർ പറഞ്ഞു. ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാൽ ജനങ്ങളെ നേരിടുക എന്നതാണർഥം. അത് മനസ്സിലാക്കണം. അതിന്റെ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണം. നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്. അങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാർ മനസ്സിലാക്കിയാൽ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടത്ത് ആകെ 2849 പരാതികളാണ് ലഭിച്ചത്. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡോ.എം. സുർജിത്ത്, കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.