പൊളിച്ചടുക്കാൻ സിൽക്; നാവികസേനയുടെ മുങ്ങിക്കപ്പൽ സിൽക്കിൽ പൊളിക്കാൻ തുടങ്ങി
text_fieldsകണ്ണൂർ: സിൽക്കിന്റെ അഴീക്കൽ കപ്പൽ പൊളിശാലയിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ മുങ്ങിക്കപ്പൽ പൊളിക്കാൻ തുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മെഡൽ നേടിയ നാവികസേനയുടെ അന്തർവാഹിനി ഐ.എൻ.എസ് സിന്ധുധ്വജ് ആണ് പൊളിക്കാൻ തുടങ്ങിയത്. 1975ൽ ആരംഭിച്ച സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണേന്ത്യയിൽ തന്നെ ഒരു നാവിക സേനയുടെ അന്തർവാഹിനി പൊളിക്കുന്നതെന്ന് സിൽക്ക് ചെയർമാൻ മുഹമ്മദ് ഇഖ്ബാലും മാനേജിങ് ഡയരക്ടർ ടി.ജി. ഉല്ലാസ് കുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 35 വർഷത്തെ സേവനം പൂർത്തിയാക്കി 2022 ജൂലൈ 22ന് സർവിസിൽനിന്ന് ഒഴിവാക്കിയതാണ് ഐ.എൻ.എസ് സിന്ധുധ്വജ്.
2024 ഏപ്രിൽ നാലിനാണ് അന്തർവാഹിനി അഴീക്കലിൽ എത്തിയത്. എന്നാൽ മണൽത്തിട്ട കാരണം കരക്കടുപ്പിക്കാനായില്ല. ഏകദേശം ആറുദിവസം സിൽക്കിന്റെ യാർഡിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു. തുടർന്ന് മന്ത്രിമാരായ പി. രാജീവിന്റെയും വി.എൻ. വാസവന്റെയും ഇടപെടലിലൂടെയാണ് അന്തർവാഹിനി കരക്കടുപ്പിക്കാനായത്.
തദ്ദേശീയ സോണാർ ഉഷസ്, തദ്ദേശീയ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റങ്ങളായ രുക്മണി, എം.എസ്.എസ്, ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ഇൻഡിജെനൈസ്ഡ് ടോർപ്പിഡോ ഫയർ കൺട്രോൾ സിസ്റ്റം എന്നിവയുടെ പ്രവർത്തന ക്ഷമത ഉൾപ്പെടെ നിരവധി ആദ്യനേട്ടങ്ങൾക്ക് ഉടമയാണ് സിന്ധുധ്വജ്.
അന്തർ വാഹിനി ആയതുകൊണ്ട് പൊളിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. എന്നാൽ വർഷങ്ങളായി കപ്പൽ പൊളിക്കുന്നതിലുള്ള സിൽക്കിന്റെ പരിചയം ഉപയോഗപ്പെടുത്തി ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു. വാർത്തസമ്മേളനത്തിൽ സീനിയർ മാനേജർമാരായ അബ്ദുൽ കരീം, കെ.വി. ഹാരിസ്, സിൽക്ക് യൂനിറ്റ് ഇൻ ചാർജ് എൻ.പി. ജയേഷ് ആനന്ദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.