നീറ്റ് പി.ജി പരീക്ഷകേന്ദ്രങ്ങൾ ദൂരസ്ഥലങ്ങളിൽ; നെട്ടോട്ടമോടി പരീക്ഷാർഥികൾ
text_fieldsകണ്ണൂർ: നീറ്റ്-പിജി പരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിദ്യാർഥികൾക്ക് ദൂരസ്ഥലങ്ങളിലുള്ള പരീക്ഷകേന്ദ്രങ്ങൾ തേടി നെട്ടോട്ടമോടേണ്ട ദുരവസ്ഥ. മിക്കവർക്കും തെലങ്കാനയിലും മറ്റുമാണ് കേന്ദ്രം ലഭിച്ചത്. കേരളത്തിൽ പരീക്ഷ സെന്ററുകൾ അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിക്കാത്തതിനാൽ പരീക്ഷാർഥികൾ ആശങ്കയിലാണ്. ട്രെയിൻ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് പലരും യാത്രക്കൊരുങ്ങി. പരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കേന്ദ്രങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. കേരളത്തിൽനിന്നുള്ള പരീക്ഷാർഥികൾക്ക് വിദൂരസ്ഥലങ്ങളിലാണ് കേന്ദ്രം അനുവദിച്ചത്. അപേക്ഷ സമയത്ത് പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായത്.
കേരളത്തിലെ മിക്ക ജില്ലകളിലും പരീക്ഷകേന്ദ്രമുണ്ട്. അപേക്ഷിക്കുമ്പോൾ കേരളത്തിലെ കേന്ദ്രങ്ങൾക്ക് പുറമെ സാങ്കേതിക തകരാര് കാരണം മിക്കവരും പരീക്ഷ എഴുതേണ്ട നഗരമായി ആന്ധ്ര തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടു.
കഴിഞ്ഞദിവസം ഓൺലൈനിൽ പരീക്ഷയെഴുതേണ്ട നഗരം ആന്ധ്രയാണെന്ന വിവരം വന്നതോടെയാണ് പരീക്ഷാർഥികൾ അങ്കലാപ്പിലായത്. ആഗസ്റ്റ് 11നാണ് പരീക്ഷ. എട്ടിന് ഹാൾടിക്കറ്റ് വന്നാൽ മാത്രമേ പരീക്ഷാകേന്ദ്രം ഏതാണെന്ന് മനസ്സിലാവൂ. വിഷയത്തിൽ പരീക്ഷാർഥികൾ പരാതി ഉന്നയിച്ചെങ്കിലും തീരുമാനമായില്ല. കേരളത്തിൽനിന്നുള്ള എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ നേരിൽ കണ്ടു നിവേദനം നൽകിയിരുന്നു.
വിദ്യാർഥികൾക്ക് കേരളത്തിൽതന്നെ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും അത് സാധ്യമല്ലെങ്കിൽ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമൊന്നുമായില്ല. പരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ട്രെയിനുകളിൽ ടിക്കറ്റൊന്നും ലഭ്യമല്ല.
വിമാന ടിക്കറ്റിന് ഭീമമായ നിരക്കായതിനാൽ പരീക്ഷക്കായുള്ള യാത്ര ഇരുട്ടടിയാകും. കേരളത്തിൽനിന്നു മാത്രം കാൽലക്ഷത്തോളം പേരാണ് പരീക്ഷയെഴുതുന്നത്. തലശ്ശേരി സ്വദേശികളായ ഡോക്ടർ ദമ്പതിമാർക്ക് കോഴിക്കോടും വിശാഖപട്ടണത്തുമാണ് പരീക്ഷകേന്ദ്രം ലഭിച്ചത്. വിഷയത്തിൽ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിക്കുമെന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.