ചേലോറക്ക് ഇനി മാലിന്യമണമില്ല; മനോഹരമായ നെഹ്റു പാർക്ക് ഒരുങ്ങി
text_fieldsകണ്ണൂര്‍: കോർപറേഷന്റെ മാലിന്യനിക്ഷേപ കേന്ദ്രമെന്ന പേര് മാറ്റാനൊരുങ്ങി ചേലോറ. ചേലോറക്ക് പുതിയ മുഖം നല്കി നെഹ്റു പാർക്കിന്റെ നിർമാണം പൂർത്തിയായി. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തായി 2.70 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കോർപറേഷന്റെ അധീനതയിൽ വെറുതെകിടന്നിരുന്ന സ്ഥലത്താണ് മനോഹരമായ പാർക്ക് നിർമിച്ചത്.
കോർപറേഷന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമാണം. വിശാലമായ പാര്‍ക്കിങ് ഏരിയ, പരിപാടികൾ നടത്താൻ ആംഫി തിയറ്റര്‍, സുരക്ഷ ഉറപ്പാക്കാൻ കോമ്പൗണ്ട് വാള് എന്നിവയുള്‍പ്പെടെയാണ് പാര്‍ക്കിന്റെ നിർമാണം നടത്തിയത്. ഒന്നര വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്.
ഉദ്ഘാടനത്തിനു മുമ്പുള്ള മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാലിന്യ നിക്ഷേപകേന്ദ്രമെന്ന നിലയിൽ പരിസരവാസികൾക്ക് തലവേദനയായിരുന്ന ചേലോറയിൽ പാർക്ക് വരുന്നതോടെ കോർപറേഷൻ അധികൃതരുടെയും ആളുകളുടെയും അധികശ്രദ്ധയുണ്ടാവും. ഇപ്പോൾ ട്രഞ്ചിങ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ബയോമൈനിങ് വഴി നീക്കം ചെയ്യുന്ന പദ്ധതിയാണ് നടന്നുവരുന്നത്.
ആറു വർഷമായി കുന്നുകൂടിയ മാലിന്യം നീക്കുന്നത് 70 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. ഏറ്റവും ആധുനികമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻറർ (എം.സി.എഫ്) സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ വർഷം ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന പാര്‍ക്ക് ജനങ്ങൾക്ക് ഉപകാരപ്രദമാവണമെങ്കിൽ മാലിന്യകേന്ദ്രം കൊണ്ട് ദോഷമൊന്നുമില്ലാതെ ശ്രദ്ധിക്കണം. കണ്ണൂർ-മട്ടന്നൂർ പ്രധാന പാതക്കരികിലായതിനാൽ തന്നെ പാർക്കിൽ ജനങ്ങൾക്ക് എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമാകും.
ഉദ്ഘാടനം ശിശുദിനത്തിൽ
പാര്‍ക്കിന്റെ ഉദ്ഘാടനം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനത്തില്‍ രമേശ് ചെന്നിത്തല എം.എല്‍.എ നിർവഹിക്കും. മേയര്‍ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.