443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും
text_fieldsകണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും സർവിസ് നടത്താൻ സ്വകാര്യ ബസുടമയോ കെ.എസ്.ആർ.ടി.സിയോ തയാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ല വികസന സമിതി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു.
എല്ലാ നിയമസഭ മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി. റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്ടോബർ 31നകം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15നകം ട്രാൻസ്പോർട്ട് കമീഷണർക്ക് സമർപ്പിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
നടാലിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തോട്ടട -നടാൽ തലശ്ശേരി റോഡ് പൂർണമായും അടക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാന പ്രകാരമുളള റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. ഭരണാനുമതി നൽകിയ നടാൽ പാലത്തിന്റെ നിർമാണത്തിനായി ടെൻഡർ നടപടികൾക്ക് വനംവകുപ്പിന്റെ അനുവാദം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലയിലെ അപകടകരമായ റോഡ്, കുഴികൾ, മരം എന്നിവ സംബന്ധിച്ച് എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ തയാറാക്കിയ ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിഷയം റോഡ് സുരക്ഷ യോഗത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകി. പയ്യാമ്പലം ബീച്ചിലെ തെരുവുവിളക്ക് പ്രശ്നം പരിഹരിച്ചതായി മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിച്ചതായി ഡി.ടി.പി.സിയും അറിയിച്ചു.
കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ രണ്ട് സ്ക്വാഡുകൾ 27 കന്നുകാലികളെ പിടികൂടി. 1,17,500 രൂപ പിഴ ഈടാക്കി 15 കന്നുകാലികളെ ഉടമസ്ഥർക്ക് വിട്ടുനൽകി. 12 കന്നുകാലികളെ ലേലം ചെയ്ത് 1,65,720 രൂപ നഗരസഭ അക്കൗണ്ടിൽ പൈസ അടച്ചതായും കോർപറേഷൻ സെക്രട്ടറി അറിയിച്ചു. അലഞ്ഞുതിരിയുന്ന ശേഷിച്ചവയുടെ കണക്കെടുക്കാൻ കലക്ടർ നിർദേശിച്ചു.
കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായ യോഗം അന്തരിച്ച മുൻ എ.ഡി.എം കെ. നവീൻ ബാബുവിനെ അനുസ്മരിച്ച ശേഷമാണ് ആരംഭിച്ചത്. കെ.പി. മോഹനൻ എം.എൽ.എ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ല പ്ലാനിങ് ഓഫിസർ നെനോജ് മേപ്പടിയത്ത്, കെ. സുധാകരൻ എം.പിയുടെ പ്രതിനിധി ടി. ജയകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി അരവിന്ദാക്ഷൻ, വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.