പൊന്നിൻചിങ്ങം പിറന്നു കർഷകർക്ക് സമൃദ്ധി പുലരുമോ?
text_fieldsകണ്ണൂർ: പൊന്നിൻചിങ്ങം പിറന്നു. കേരളീയർക്ക് ഇന്ന് പുതുവർഷദിനം. കാർഷിക ജീവിതത്തെ അടിസ്ഥാനമാക്കി ജീവിതം നയിച്ചിരുന്ന മലയാളികൾ ചിങ്ങം പിറക്കുന്നതോടെ സമൃദ്ധിയുടെ നാളുകളെത്തിയെന്നാണ് വിശ്വസിക്കുന്നത്. പഞ്ഞമാസമായ കർക്കടകം പിന്നിട്ടാണ് കാർഷിക സമൃദ്ധി പുലരുന്ന നാളുകളെത്തിയിരുന്നത്.
പൊൻനിറമുള്ള നെൽക്കതിരുകൾ കൊയ്തെടുത്ത് പത്തായം നിറച്ചിരുന്നത് കർക്കടകത്തിലെ പേമാരിക്ക് ശേഷമുള്ള ഈ ദിനങ്ങളിലാണ്. എന്നാൽ, ഇന്ന് കേരളത്തിൽ നെൽപാടങ്ങൾ നന്നേ ചുരുങ്ങിയിട്ടുണ്ട്. സർക്കാർതലത്തിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിടങ്ങൾ തുടങ്ങുന്നതിനും പദ്ധതികൾക്ക് രൂപം നൽകുമ്പോഴും യഥാർഥ കർഷകരുടെ ദുരിതത്തിന് അറുതിയാവുമോ എന്നാണ് അറിയേണ്ടത്.
ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി വിവിധ പരിപാടികളാണ് നടക്കുക. കൃഷിഭവനുകളുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കും. ഇത്തവണ സംസ്ഥാന തലത്തിൽ പുതിയ ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 89 കൃഷിഭവനുകളുടെ കീഴിൽ പുതിയ സ്ഥലങ്ങളിൽ കൃഷിക്കൂട്ടങ്ങളുടെയും കർഷകരുടെയും നേതൃത്വത്തിൽ കൃഷിയിറക്കും. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിലും ആറുവീതം കൃഷിയിടങ്ങളാണ് ആരംഭിക്കുക.
ഇതിനകം തന്നെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിക്കൂട്ടങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. എല്ലാ കൃഷി ഭവനുകളിലും തദ്ദേശ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ കാർഷിക വികസന സമിതി, കർഷക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ, ഹരിത കർമസേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ചേർന്ന് പുതിയ കൃഷിയിടങ്ങൾ കണ്ടെത്തണമെന്നാണ് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നത്.
പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകിയാവണം പുതിയ കൃഷിയിടങ്ങൾ. പരമ്പരാഗത കാർഷിക രീതികൾക്ക് മുൻഗണന നൽകും. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളും അനുസരിച്ചാണ് ഏത് കൃഷി വേണമെന്ന് തീരുമാനിക്കുന്നത്. കൃഷി ഓഫിസർമാരുടെ സഹായവും പദ്ധതിക്കുണ്ടാവും.
കാർഷിക രംഗത്ത് ഉണർവ് പകരുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോഴും കൃഷി ജീവിതമാർഗമായി സ്വീകരിച്ചവർക്ക് ഒട്ടും ആശ്വാസമാവുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കേര കർഷകരുൾപ്പെടെ ഉൽപന്നങ്ങൾക്ക് വില ലഭിക്കാതെ ദുരിതത്തിലാണ്. വന്യജീവി ശല്യമുൾപ്പെടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.