ശവസംസ്കാരത്തിന് പുതിയ നിരക്ക്; പയ്യാമ്പലം വീണ്ടും വിവാദത്തിലേക്കോ....
text_fieldsകണ്ണൂർ: മൃതദേഹ സംസ്കരണത്തിന് അമിത ഫീസ് ഈടാക്കാനുള്ള കണ്ണൂർ കോർപറേഷെൻറ തീരുമാനത്തെ തുടർന്ന് പയ്യാമ്പലം ശ്മശാനം വീണ്ടും വിവാദത്തിലേക്കോ....? നേരത്തെ ആർക്കും ഭാരമാകാത്ത തുക മാത്രമാണ് ഈടാക്കിവന്നിരുന്നത്. അതിനുപകരം ഡിസംബർ ഒന്നുമുതലാണ് വർധിപ്പിച്ച നിരക്ക് ഈടാക്കുക. ജില്ലയിലെ ഏറെ പഴക്കമുള്ളതും ശ്രദ്ധേയവുമായ ശ്മശാനമാണ് പയ്യാമ്പലം കടലോരത്തെ ശ്മശാനം.
ജില്ലയിൽ എവിടെ നിന്നു മൃതദേഹങ്ങൾ കൊണ്ടുവന്നാലും ഇവിടെ നാമമാത്രമായ നിരക്ക് ഈടാക്കിയാണ് സംസ്കാരം നടത്തിയിരുന്നത്. കുറച്ചുകാലം മുമ്പുവരെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിക്കുന്ന രീതി നിലനിന്നിരുന്നു. ഇപ്പോഴും ഈ സമ്പ്രദായം ചിലയിടങ്ങളിൽ തുടരുന്നുണ്ടെങ്കിലും മിക്ക പ്രദേശങ്ങളിലും വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുന്നത് കുറഞ്ഞുവരുന്നുണ്ട്. കുറഞ്ഞ സ്ഥലത്ത് വീടുവെക്കുന്നതും ജനവാസം വർധിച്ചുവരുന്നതുമാണ് സംസ്കാരം പൊതുശ്മശാനങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നത്. നിരവധി തദ്ദേശ സ്ഥാപനങ്ങൾ പൊതുശ്മശാനം നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇവിടങ്ങളിൽ എണ്ണത്തിൽ കുറഞ്ഞ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ഇതുകാരണം മൃതദേഹങ്ങൾ പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിക്കുന്ന പതിവ് തുടരുന്നുണ്ട്.
ഇതാണ് പുതിയ നിരക്ക്
കോർപറേഷൻ പരിധിയിലുള്ളവരിൽ നിന്ന് 1,500 രൂപയും കോർപറേഷന് പുറത്തുള്ളവരിൽനിന്ന് 3,000 രൂപയും ഈടാക്കാനാണ് കോർപറേഷൻ തീരുമാനം. യഥാക്രമം ഇത് 2,000 രൂപയും 3,000 രൂപയും ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഭരണപക്ഷ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്ക് 1500 രൂപയാക്കി കുറച്ചത്.
ചരിത്രം ഇങ്ങനെ....
നൂറ്റാണ്ടുകളായി തീയ സമുദായത്തിെൻറ കൈകളിലായിരുന്നു പയ്യാമ്പലം ശ്മശാനം. ശ്രീ ഭക്തി സംവർധിനി യോഗം പ്രസിഡൻറ് രക്ഷാധികാരിയായി രജിസ്റ്റർ ചെയ്ത 'തീയ സമുദായ ശവസംസ്കാര സഹായ സംഘം' ശ്മശാനം നടത്തിപ്പുമായി മുന്നോട്ടുപോകുേമ്പാഴാണ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ശ്മശാന ഭൂസ്വത്ത് ഏറ്റെടുത്തത്. ശ്മശാനം സൗജന്യമാക്കുമെന്നും ഘട്ടംഘട്ടമായി പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹങ്ങൾ സൗജന്യമായി സംസ്കരിക്കുമെന്നും സമുദായ നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നതായും പറയപ്പെടുന്നു. ഇതിെൻറ തുടർ നടപടിയെന്നോണമാണ് കണ്ണൂർ കോർപറേഷൻ പരിധിയിൽക്കൂടി സംസ്കാരം സൗജന്യമാക്കി പ്രഥമ കോർപറേഷൻ യോഗം തീരുമാനിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് സംസ്കാരം നടത്തിവന്നത്.
എന്നാൽ, ഇതിനു വിരുദ്ധമായി സെപ്റ്റംബർ 30 മുതൽ അഞ്ചുദിവസം 3,000 രൂപവീതം ഈടാക്കി പയ്യാമ്പലത്ത് പരമ്പരാഗത വിറക് ശ്മശാനത്തിൽ സംസ്കാരം നടത്തിയിരുന്നു. എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയാണുണ്ടായത്.
ഈടാക്കുന്നത് സംസ്കാരത്തിനുള്ള ചെലവ് മാത്രം –മേയർ അഡ്വ. ടി.ഒ. മോഹനൻ
കണ്ണൂർ: കോർപറേഷൻ പരിധിയിലെ ബി.പി.എൽ കുടുംബങ്ങളിൽ ഉൾപ്പെട്ടവർക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം പൂർണമായി സൗജന്യമായിരിക്കും. വാതക ശ്മശാനത്തിന് അതിേൻറതായ ചെലവുണ്ട്. ആ ചെലവ് മാത്രമാണ് ഈടാക്കുന്നത്. ഈ നിരക്ക് വാങ്ങിയാലും മറ്റുള്ള സ്ഥലങ്ങളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെ ഈടാക്കുന്നത്. 3,500 രൂപയൊക്കെ വാങ്ങുന്ന സ്ഥലങ്ങളുമുണ്ട്. പൂർണ സൗജന്യമൊന്നും എവിടെയുമില്ല.
ശ്മശാനം മറിച്ചുനൽകാൻ കോർപറേഷൻ ശ്രമിക്കുന്നു
(ടി.കെ. രാജേന്ദ്രൻ, ചെയർമാൻ, തീയ സമുദായ കോഓഡിനേഷൻ കമ്മിറ്റി)
സൗജന്യമായി സംസ്കാരം നടത്തുമെന്ന മുൻ തീരുമാനം അട്ടിമറിച്ച് പയ്യാമ്പലം ശ്മശാനം സ്വകാര്യ വ്യക്തിക്ക് മറിച്ചുനൽകാനാണ് കോർപറേഷൻ അധികൃതർ ശ്രമിക്കുന്നത്. മേയറുടെ ഏകാധിപത്യ നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിലവിലുള്ള സൗജന്യം തുടരുകയാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകും.
ബഹുജന ധർണ നാളെ
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹ സംസ്കരണത്തിന് അമിത ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് കണ്ണൂർ കോർപറേഷൻ അധികൃതർ പിന്മാറണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് തീയ സമുദായ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച കോർപറേഷൻ ഓഫിസിന് മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ധർണ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.
വർധിപ്പിച്ച നിരക്ക് പിൻവലിച്ച് നിലവിൽ നൽകിവരുന്ന സൗജന്യം തുടരുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ തീയ സമുദായ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.കെ. രാജേന്ദ്രൻ, പി.പി. ജയകുമാർ, എം.ടി. പ്രകാശൻ, എം. സദാനന്ദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.