നിശ്ശബ്ദം നിഹാൽ മടങ്ങി; കണ്ണീരണിഞ്ഞും പ്രതിഷേധിച്ചും നാട്
text_fieldsകണ്ണൂർ: തെരുവുനായ് ആക്രമണത്തിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങി പതിനൊന്നുവയസുകാരൻ നിഹാൽ വിടപറയുമ്പോൾ ബാക്കിയാക്കുന്നത് ഒരുപാട് ചോദ്യങ്ങൾ. ഹൃദയം തകർന്ന് നിഹാലിനെ അവസാനമായി കാണാനെത്തിയവരിൽ അമർഷവും വ്യക്തമായിരുന്നു. കത്യമായ സമയത്ത് തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നിഹാലിന്റെ പുഞ്ചിരി മായില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർക്ക് എല്ലാവർക്കും പ്രിയങ്കരനായിരുന്നു അവൻ.
സംസാരിക്കാനാവില്ലെങ്കിലും ചെറുപുഞ്ചിരി സമ്മാനിക്കാതെ കടന്നുപോകില്ല. നിഹാലിനെ കുറിച്ച് പറയുമ്പോൾ നാട്ടുകാർക്കും ധർമ്മടം ജേസീസ് സ്പെഷൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമെല്ലാം നൂറുനാവാണ്. ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായെങ്കിലും കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. തെരുവുനായ കടിച്ചുകീറുമ്പോഴും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ മരണവേദനയേറ്റുവാങ്ങി നിഹാൽ മടങ്ങിയത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. സാധാരണ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയാൽ അയൽവീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയൽവീടുകളിൽ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും കെട്ടിനകം പള്ളിക്കടുത്ത് വീട്ടിൽനിന്നും 300 മീറ്ററുകൾക്കപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്പിൽ തിരഞ്ഞെത്തിയപ്പോഴാണ് ചോരയിൽകുളിച്ച് നിഹാലിനെ കണ്ടെത്തിയത്.
ഒരു നിമിഷം മാത്രമേ ആ രംഗം കണ്ടുനിൽക്കാനായുള്ളുവെന്നാണ് തിരച്ചിൽ നടത്തിയവർ പറഞ്ഞത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി തിങ്കളാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ തെരുവുനായ ആക്രമണത്തിൽ ഒരു ജീവൻ നഷ്ടമായതിന്റെ പ്രതിഷേധം എല്ലാവരുടെ കണ്ണിലുമുണ്ടായിരുന്നു. അന്ത്യോപചാരമർപ്പിക്കാനെത്തിയ ജനപ്രതിനിധികൾക്ക് മുന്നിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധത്തിന്റെയും പരാതികളുടെയും സങ്കടത്തിന്റെയും കെട്ടുകഴിച്ചു. മന്ത്രി വി.എൻ. വാസവനും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയും അടക്കമുള്ളവരോടും പ്രദേശവാസികൾ ദുരവസ്ഥ വിവരിച്ചു.
പരാതികൾക്കൊടുവിൽ മുഴപ്പിലങ്ങാട് ഭാഗത്തെ നായകളെ തിങ്കളാഴ്ച എ.ബി.സി സംഘം പിടികൂടാൻ തുടങ്ങി. ഇനിയൊരാളെയും നായകൾ കടിച്ചുപറിക്കരുതെന്നാണ് മുഴപ്പിലങ്ങാട്ടുകാർ ഒന്നടങ്കം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.