നിപ: കണ്ണൂരിലും ജാഗ്രത
text_fieldsകണ്ണൂർ: മലപ്പുറം വണ്ടൂര്‍ നടുവത്ത് കഴിഞ്ഞയാഴ്ച യുവാവ് മരിച്ചത് നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയിലും ജാഗ്രത. ബെംഗളൂരുവില്‍ എം.എസ് സിക്ക് പഠിക്കുന്ന 23കാരന് കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിലാണ് മരിച്ചത്. മരണാനന്തരച്ചടങ്ങിൽ സഹപാഠികളടക്കം നിരവധിപേർ പങ്കെടുത്തിരുന്നു.
യുവാവുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക തായാറാക്കി വരികയാണ്. കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടവരുമായി ബെംഗളൂരുവിൽനിന്നോ ആശുപത്രിയിൽനിന്നോ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യവും അറിയേണ്ടതുണ്ട്. നിപ രോഗിയുമായോ അവരുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തികളുമായോ കണ്ണൂർ ജില്ലയിലെ ആരെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. നിലവിൽ ഇതുവരെയായി ജില്ലയിൽ നിപ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സമീപ ജില്ലകളിൽ രോഗബാധയും സമ്പർക്കവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ മുന്നൊരുക്കത്തിന് ഒരുങ്ങുന്നത്.
നിലവിൽ നിപ രോഗിയുടെ സമ്പർക്കത്തില്‍ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. എങ്കിലും സമീപജില്ലകളിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ജില്ലയിൽ ഇത്തരം നിർദേശങ്ങളൊന്നുമില്ല.
മലപ്പുറത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ട്രെയിൻ, ബസ് യാത്രയിൽ ജില്ലയിലും ആളുകൾ മാസ്ക് ധരിച്ചുതുടങ്ങി. ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിച്ച് മലപ്പുറം സ്വദേശിയായ 14കാരൻ മരിച്ച സാഹചര്യത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി ജിലയിലെ പ്രധാന ആശുപത്രികളില്‍ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുന്ന റ്റെറോപസ് വിഭാഗത്തില്‍പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വീണു കിടക്കുന്നതും പക്ഷികൾ കടിച്ചെന്ന് സംശയിക്കുന്നതുമായ പഴങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. പഴങ്ങൾ കഴുകി വൃത്തിയാക്കി മാത്രം കഴിക്കുക. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവരും ആള്‍കൂട്ടങ്ങളിലേക്ക് പോകുന്നവരും മാസ്ക് ധരിച്ചിരിക്കുന്നതാണ് അഭികാമ്യം. രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. നിപ രോഗബാധയോ രോഗികളുമായി സമ്പർക്കമുണ്ടായതായോ സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പ് പ്രവർത്തകരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.