മാലിന്യം തള്ളിയയാൾക്കെതിരെ നടപടിയില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർ
text_fieldsപെരിങ്ങോം: നിയമം നടപ്പാക്കുന്നുണ്ടെങ്കില്‍ എല്ലാവര്ക്കും ഒരേ പോലെ വേണമെന്ന് തദ്ദേശസ്ഥാപനത്തോട് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളിയുടെ ഏകാംഗ പ്രതിഷേധം. ഓലയമ്പാടിയിലെ ഓട്ടോ ഡ്രൈവറായ ബാബു അരയമ്പത്താണ് കാല്‍നടയാത്ര നടത്തി പ്രതിഷേധിച്ചത്.
മാലിന്യവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച എരമം കുറ്റൂരിലെ ഓലയമ്പാടിയില്‍ സ്വകാര്യ കിണറില്‍ മാലിന്യം തള്ളിയ ആളെക്കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനെതിരെയാണ് പ്രതിഷേധം.
ഏതാനും ദിവസം മുമ്പ് എരമം കുറ്റൂരിലെ ഓലയമ്പാടിയില്‍ സ്വകാര്യ പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറില്‍ മാലിന്യം തള്ളിയ ആളെക്കുറിച്ച് ബാബു അരയമ്പത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. കിണറ്റില്‍ പകല്‍സമയം മാലിന്യം കൊണ്ടുവന്നു തള്ളിയ മുന്‍ പഞ്ചായത്ത് അംഗത്തിനെതിരെയാണ് ബാബു പരാതി നല്‍കിയത്. എന്നാല്‍ മാലിന്യം തള്ളിയയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല. പരാതി നല്കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി പുറത്തുവിട്ടെന്നും മാലിന്യം തള്ളുന്നത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്കുമെന്നുള്ള വാഗ്ദാനം പാലിച്ചില്ലെന്നും ബാബു പറയുന്നു. ഓലയമ്പാടിയില്നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയായി പഞ്ചായത്ത് ആസ്ഥാനമായ മാതമംഗലത്തേക്കാണ് ബാബു പ്രതിഷേധ യാത്ര നടത്തിയത്. ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുമായി വെള്ളിയാഴ്ച രാവിലെയാണ് യാത്ര തുടങ്ങിയത്.
ഉച്ചയോടെ പഞ്ചായത്ത് ഓഫിസിലെത്തി രേഖാമൂലം പ്രതിഷേധം അധികൃതരെ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.