മുഴപ്പിലങ്ങാട് തീരം അസൗകര്യത്താൽ വീർപ്പുമുട്ടുന്നു
text_fieldsമുഴപ്പിലങ്ങാട്: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് അസൗകര്യത്താൽ വീർപ്പുമുട്ടുന്നു. സുന്ദരതീരം സന്ദർശിക്കാൻ ദിവസേനയെത്തുന്ന ആയിരങ്ങളെ അടിസ്ഥാന സൗകര്യക്കുറവുകളുടെ ഘോഷയാത്രയാണ് വരവേൽക്കുന്നത്.
ദിവസേന രണ്ടായിരത്തോളവും അവധി ദിവസങ്ങളിൽ ഇരട്ടിയും സന്ദർശകരെത്തുന്ന ബീച്ചിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ശൗചാലയങ്ങൾ പോലുമില്ല. ലക്ഷങ്ങൾ മുടക്കി പാർക്കിൽ വിരിച്ച ഇൻറർലോക്ക് കട്ടകളെല്ലാം പൊട്ടിപൊളിഞ്ഞിട്ട് കാലമേറെയായിട്ടും ശരിയാക്കിയിട്ടില്ല.
ബീച്ചിെൻറ സൗന്ദര്യം ആസ്വാദിക്കാൻ കെട്ടിയ ഇരിപ്പിടങ്ങളെല്ലാം കടൽകയറി തകർന്നു. പാർക്കിെൻറ പലഭാഗങ്ങളും കാടുമൂടിയ നിലയിലാണ്. എടക്കാട് ബീച്ച് ഭാഗത്തെ നാഷനൽ അഡ്വഞ്ചർ അക്കാദമി മുതൽ പാർക്കിെൻറ അവസാനം വരെ മിക്കയിടത്തും പടവുകൾ തകർന്നിരിക്കുകയാണ്. പാർക്കിൽ രണ്ട് ശൗചാലയ കെട്ടിടങ്ങളുണ്ടെങ്കിലും കുേറകാലമായി അടച്ചിട്ടിരിക്കുകയാണ്.
അഞ്ച് ശൗചാലയങ്ങളോട് കൂടിയ രണ്ടു കെട്ടിടത്തിലും വൈദ്യുതിയും വെള്ളവുമില്ല. നേരത്തേ ശൗചാലയം പ്രവർത്തിച്ചിരുന്നെങ്കിലും ഒരുവർഷത്തിലധികമായി പൂട്ടിയിട്ടിരിക്കുകയാണ്. നേരത്തേ കിണർ ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ വൈദ്യുതി കണക്ഷനില്ലാത്തതിനാൽ വെള്ളമെത്തിക്കാനാവുന്നില്ല.
കിണർ പായലും പൂപ്പലും കാടും മൂടി മനസ്സിലാവാത്ത അവസ്ഥയിലാണ്. സന്ദർശകരിൽ ആരെങ്കിലും 'ശങ്ക'യുമായി എത്തിയാൽ സമീപത്തെ കടകളിൽനിന്ന് വെള്ളം എത്തിച്ചുകൊടുക്കേണ്ട അവസ്ഥയാണ് പാർക്ക് പരിപാലകർക്ക്. പാർക്കിൽ ഒരുക്കിയ ഊഞ്ഞാലും കുട്ടികൾക്കായുള്ള കളിയുപകരണങ്ങളും തുരുെമ്പടുത്ത് നശിക്കുകയാണ്. ലോക്ഡൗണിൽ പാർക്കും ബീച്ചും ഏറെനാൾ അടച്ചിട്ടതും വിനയായി.
പരിപാലകർക്കും രക്ഷയില്ല
മുഴപ്പിലങ്ങാട് ബീച്ചിൽ അഞ്ച് ലൈഫ് ഗാർഡുമാരും പാർക്കിലും മറ്റും ശുചീകരണത്തിനായി 15 ബീച്ച് ഹോസ്റ്റേഴ്സുമാണുള്ളത്. ഏറെയും വനിതാ ജീവനക്കാർ.
ഇവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിലും ഹോട്ടലുകളെയും സമീപത്തെ പൊലീസ് കെട്ടിടത്തെയും ആശ്രയിക്കണം. നാലര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വേറെയൊന്നും ചെയ്തില്ലെങ്കിലും സന്ദർശകർക്കും ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്ന് ശുചീകരണ തൊഴിലാളികളായ സുഹറയും ലീലയും രജിതയും ഒരേശബ്ദത്തിൽ പറഞ്ഞു.
സന്ധ്യമയങ്ങുംനേരം ഇരുട്ടിൽ
സന്ധ്യ കഴിഞ്ഞാൽ പിന്നെ ബീച്ചിലും പാർക്കിലും ഇരുട്ടാണ്. ഹൈമാസ്റ്റ് ലൈറ്റും അലങ്കാരവിളക്കുകളും ഏറെയുണ്ടെങ്കിലും കൺതുറക്കാറില്ല.
ബീച്ചിനോട് ചേർന്ന പാർക്കിലെ ലൈറ്റുകളെല്ലാം തുരുെമ്പടുത്തും ഒടിഞ്ഞും കിടക്കുകയാണ്. സന്ദർശന സമയം രാത്രി ഏഴുവരെ ആയതിനാൽ സന്ധ്യകഴിഞ്ഞും ബീച്ചിലും പരിസരത്തും ആളുകളുണ്ടാവും. എന്നാൽ, ഇവരൊക്കെയും ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്.
നാലരകിലോമീറ്ററിൽ നീണ്ടുകിടക്കുന്ന ബീച്ചിലേക്ക് പ്രവേശിക്കാൻ പ്രധാനമായും മൂന്ന് കവാടങ്ങളാണ്. ഇതിനോട് ചേർന്ന് ഹൈമാസ്റ്റ് ലൈറ്റുകളുണ്ടെങ്കിലും തുരുമ്പിച്ച് തൂങ്ങിയ നിലയിലാണ്. സന്ദർശകരുടെ ദേഹത്ത് വീണ് അപകടമുണ്ടാകുമോ എന്ന ആശങ്ക വേറെയും.
പൊലീസ് സുരക്ഷ ശക്തമാക്കണം
ആയിരങ്ങൾ എത്തുന്ന ബീച്ചിൽ ഒരു പൊലീസുകാരൻ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. കണ്ണൂർ സിറ്റി പൊലീസിനാണ് സുരക്ഷാചുമതല. നഗരത്തിലും മറ്റും പ്രധാന പരിപാടികൾ നടക്കുേമ്പാഴും സ്റ്റേഷനിൽ ആളില്ലാതാകുേമ്പാഴും പൊലീസിെൻറ സേവനവും ഇല്ലാതാവും.
ഡ്രൈവിങ് ബീച്ചിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങളും നടത്തുന്നതും ഡ്രൈവിങ് പഠിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തേ ആളപായമടക്കമുള്ള അപകടങ്ങളെ തുടർന്നാണിത്. എന്നാൽ, ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ലാത്തതിനാൽ ഡ്രൈവിങ് പരിശീലനവും വാഹനാഭ്യാസവും സജീവമാണ്. അപകടമുണ്ടാക്കും തരത്തിൽ കടലിലെ കുളി തടയാറുണ്ടെങ്കിലും ലൈഫ് ഗാർഡുമാരുടെ എണ്ണം കുറവായതിനാൽ അതിനും പരിമിതിയുണ്ട്.
ഏഴു വരെയാണ് ബീച്ചിൽ ജീവനക്കാരുണ്ടാവുക. അതിന് ശേഷം ബീച്ചും പരിസരവും സാമൂഹിക വിരുദ്ധരുടെ അധീനതയിലാണ്. പൊലീസ് സുരക്ഷ വർധിപ്പിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.