എണ്ണയില്ല; ആനവണ്ടി അനങ്ങില്ല
text_fieldsകണ്ണൂര്‍: ഡീസൽ ക്ഷാമത്തിന് പരിഹാരമാകാത്തതോടെ ജില്ലയില്‍ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സിയുടെ പകുതി സർവിസുകൾ മുടങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഡീസൽ ലഭ്യത അനുസരിച്ച് സർവിസുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് ചെയർമാന്റെ നിർദേശമുണ്ട്. ഇതുപ്രകാരം മോശം കാലാവസ്ഥയിൽ വരുമാനമില്ലാതെയും യാത്രക്കാരുടെ എണ്ണം കുറഞ്ഞതുമായ സർവിസുകൾ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ഓപറേറ്റ് ചെയ്തില്ല. ശനി, ഞായര്‍ ദിവസങ്ങളിലും സർവിസുകൾ വ്യാപകമായി വെട്ടിക്കുറക്കും.
ഞായറാഴ്ച ഏതാണ്ട് പൂർണമായും ഓർഡിനറി സർവിസുകൾ ഓടില്ല. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവിസുകൾ ശനിയും ഞായറും ഉച്ചക്കുശേഷം ഓപറേറ്റ് ചെയ്യും. എണ്ണയുള്ള ബസുകളിൽനിന്ന് ഊറ്റി അത്യാവശ്യ സർവിസുകൾ ഓടിക്കാനാണ് നീക്കം. തിങ്കളാഴ്ച യാത്രക്കാരുടെ തിരക്കുണ്ടാകുമ്പോൾ ഏതാണ്ട് പൂർണമായും സർവിസുകൾ ഓടിക്കാനാണ് പദ്ധതി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സൂപ്പർ ക്ലാസ് സർവിസുകൾ കോൺവോയ് ആയും റിസർവേഷൻ ഇല്ലാതെയും വരുമാനം കുറഞ്ഞതുമായ സർവിസുകളും ഓപറേറ്റ് ചെയ്യാതെ ക്ലബ് ചെയ്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും വരുമാനം നഷ്ടപ്പെടാതെയും ക്രമീകരിക്കണമെന്നാണ് നിർദേശം. വ്യാഴാഴ്ച വൈകീട്ട് 6,000 ലിറ്റർ ഡീസൽ കണ്ണൂരിലെത്തിയെങ്കിലും അത്യാവശ്യ സർവിസുകൾ മാത്രമേ ഓടിക്കാനായുള്ളൂ. ജില്ലയിലെ വിവിധ ഡിപ്പോകൾക്കുകീഴിലെ പമ്പുകളിൽ നിലവിൽ ആകെ 4,854 ലിറ്റർ ഡീസൽ മാത്രമാണ് സ്റ്റോക്കുള്ളത്. ചില്ലറ അളവിലുള്ള ഡീസൽ ടാങ്കുകളിൽനിന്ന് എടുക്കാനാവാത്തതിനാൽ ഉപയോഗിക്കാനാവില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും മുപ്പതോളവും വ്യാഴാഴ്ച തലശ്ശേരിയിൽനിന്നുള്ള ഭൂരിഭാഗം സർവിസുകളും മുടങ്ങിയിരുന്നു. ഡീസൽ എത്തിയാൽ പരമാവധി സർവിസുകൾ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഗുണകരമാകുംവിധം ജീവനക്കാരുമായി സഹകരിച്ച് ഓപറേറ്റ് ചെയ്യുന്നതിനായി പദ്ധതി തയാറാക്കും. മലയോര മേഖലയിലടക്കം സർവിസുകൾ മുടങ്ങിയതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. ശനി, ഞായർ ദിവസങ്ങളിൽ ഭൂരിപക്ഷം സർവിസുകളും മുടങ്ങുന്നതോടെ ദീർഘദൂര യാത്രക്കാരടക്കം പ്രതിസന്ധിയിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.