ഡോക്ടർ വേണ്ട; രോഗം എന്തായാലും ചികിത്സ ജപിച്ചൂതലും ഏലസ്സും
text_fieldsകണ്ണൂർ: കണ്ണൂർ സിറ്റിയിൽ വിദ്യാർഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് മന്ത്രവാദ ചികിത്സയുടെ പേരിലുള്ള തട്ടിപ്പ്. സിദ്ധൻ ചമഞ്ഞ് ചികിത്സ നടത്തിവന്ന പള്ളി ഇമാം പിന്തുടർന്നത് വെള്ളം ജപിച്ചൂതലും ഏലസ്സ് കെട്ടിയുള്ള ചികിത്സാരീതിയും. രോഗം എന്തായാലും ചികിത്സ ഒന്നുതന്നെ. ഇയാളുടെ അരികിലെത്തുന്നവരോട് ഒരു രോഗത്തിനും ആശുപത്രിയിൽ പോകരുതെന്നും മരുന്ന് കഴിക്കരുതെന്നുമാണ് നിർദേശിക്കാറ്്.
അലോപ്പതി, ആയുർവേദം അടക്കമുള്ള ചികിത്സരീതികൾ വിശ്വാസത്തിനും മതത്തിനും എതിരാണെന്നും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് അറസ്റ്റിലാവുന്നത്. കോവിഡ് വാക്സിൻ എടുക്കരുതെന്നും ഉവൈസ് രോഗികളോട് നിർദേശിച്ചിരുന്നു.
മൂന്നുദിവസം തുടർച്ചയായി പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഫാത്തിമയെ ഉവൈസിെൻറ നിർദേശ പ്രകാരം മാതാപിതാക്കൾ ഡോക്ടറെ കാണിച്ചില്ല. നില ഗുരുതരമാവുകയും കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയാണ് മന്ത്രവാദ ചികിത്സ തട്ടിപ്പ് പുറത്തായത്.
35കാരനായ ഉവൈസ് നേരത്തേ നടത്തിയ ചികിത്സ സംബന്ധിച്ച അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സിറ്റി ആസാദ് റോഡിലെ പടിക്കല് 79കാരി സഫിയ, മകന് അഷ്റഫ്, സഹോദരി നഫീസ എന്നിവരുടെ മരണ കാരണമാണ് അന്വേഷിക്കുന്നത്. മൂവരും മരിച്ച ഫാത്തിമയുടെ ബന്ധുക്കളാണ്. 2014, 2016, 2018 വർഷങ്ങളിലായിരുന്നു ഇവരുടെ മരണം. മന്ത്രവാദത്തിെൻറ പേരിൽ ചികിത്സ ലഭിക്കാതെയാണ് മൂന്നുപേരുടെയും മരണമെന്നാണ് സഫിയയുടെ മകൻ സിറാജ് പൊലീസിന് നൽകിയ മൊഴി. ഉവൈസ് തന്നെയാണ് മൂവരെയും ചികിത്സിച്ചതെന്നും സിറാജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.