ലഹരിമരുന്ന് കിട്ടാനില്ല: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവുകാര്‍ അക്രമാസക്തരായി
text_fieldsകണ്ണൂര്‍: ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ല ജയിലിലും തടവുകാര്‍ അക്രമാസക്തരായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് ഇയാള്‍ കൈഞരമ്പ് മുറിച്ചു. ജയിലധികൃതര്‍ ഉടന്‍തന്നെ ഇയാളെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് തുടര്‍ചികിത്സകള്‍ക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റി. ജില്ല ജയിലിൽ രണ്ട് തടവുകാരാണ് ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമം കാണിച്ചത്. ഇവര്‍ ചുമരില്‍ തലയിടിച്ച് സ്വയം പരിക്കേല്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആംബുലന്‍സില്‍ െവച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിെൻറ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. തുടർന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലം പ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി.ജയിലുകളില്‍ ലഹരിമരുന്ന് എത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് തടവുകാരില്‍ പലരും 'വിഡ്രോവല്‍ സിന്‍ഡ്രോം'പ്രകടിപ്പിച്ചുതുടങ്ങിയത്. ഇവരില്‍ പലരും നേരത്തെ രഹസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എന്നാല്‍, പരിശോധന ശക്തമായതോടെ ജയിലുകളിലേക്കുള്ള ലഹരികടത്ത് തടസ്സപ്പെട്ടു. ഇതോടെയാണ് തടവുകാർ അക്രമാസക്തരായത്. ആംബുലന്‍സ് തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ല ജയിലിലെ മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് അസ്കര്‍ അലി എന്നീ തടവുകാര്‍ക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.