സ്കൂളിന് ഫിറ്റ്നസ് ഇല്ല; അധ്യാപകർക്ക് ശമ്പളവും
text_fieldsപാനൂർ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കൊളവല്ലൂർ ഗവ. എൽ.പി സ്കൂളിലെ അധ്യാപകർ ശമ്പളമില്ലാതെ ദുരിതത്തിൽ. പാനൂർ ഉപജില്ലയിലെ തൂവക്കുന്ന് കൊളവല്ലൂർ ഗവ. എൽ.പി സ്കൂളിലാണ് കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തെ ശമ്പളം തടഞ്ഞുവെച്ചത്.
സർക്കാർ വിദ്യാലയമെന്ന നിലയിൽ കൊളവല്ലൂർ ഗവ. എൽ.പി സ്കൂൾ പൂർണമായും കുന്നോത്ത്പറമ്പ് പഞ്ചായത്ത് അധീനതയിലാണ്.
അരക്കോടിയോളം രൂപ ചെലവിൽ കെട്ടിട ഉടമകളായ കൊളവല്ലൂർ എജുക്കേഷനൽ സൊസൈറ്റി സ്കൂളിന് പുതിയ കെട്ടിടം പണിതുനൽകിയെങ്കിലും പ്രവേശനവഴിക്ക് 3.6 മീറ്റർ വീതിയില്ല എന്ന കാരണത്താൽ സ്കൂളിന് ഫിറ്റ്നസ് നൽകാത്തതാണ് ഭിന്നശേഷിക്കാരിയായ ജീവനക്കാരിയും മൂന്ന് പട്ടികജാതിയിൽപെട്ട അധ്യാപകരും ഉൾപ്പെടെ അഞ്ച് പേർക്ക് ശമ്പളം ലഭിക്കാത്തത്.
പ്രീ പ്രൈമറി ഉൾപ്പെടെ 138 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിദ്യാർഥികളാണ്. 1906ൽ ആരംഭിച്ച വിദ്യാലയം അന്നുമുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2017ലാണ് പഴയ കെട്ടിടം പൊളിച്ച് പുത്തൻ കെട്ടിടം പണിതത്. ഈ കെട്ടിടത്തിലേക്കുള്ള വഴിയാണ് സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങിയത്. ചില സ്ഥലങ്ങളിൽ വഴിക്ക് 20 മുതൽ 30 സെന്റിമീറ്റർ വരെ വീതിയില്ലെന്നതാണ് നിലവിലെ സാങ്കേതിക പ്രശ്നം. ഇത് പരിഹരിക്കാൻ വഴിയുടെ ഇരുവശങ്ങളിലേയും സ്ഥലമുടമകളുമായി നാട്ടുകാരും സ്കൂൾ അധികൃതരും അധ്യാപകരും ബന്ധപ്പെട്ടെങ്കിലും വിജയിച്ചില്ല.
സർക്കാർതലത്തിൽ ഇടപെടൽ നടത്തി ഇളവനുവദിക്കാനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടുമില്ല. സ്റ്റാഫ് ഫിക്സേഷൻ നടത്താൻ കഴിയാത്തതാണ് ഇപ്പോൾ ശമ്പളം മുടങ്ങാൻ കാരണം.
സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല.
അതേസമയം, ബിൽഡിങ് ചട്ടത്തിൽ ഇളവനുവദിക്കാൻ സർക്കാറിനോട് അപേക്ഷിച്ച് കാത്തിരിക്കുകയാണ് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത്. ഈ സാഹചര്യത്തിൽ വിദ്യാലയത്തിന്റെ കെട്ടിടത്തിലെ സാങ്കേതികത്വം പരിഹരിക്കാനുള്ള വഴികൾ തേടി പാനൂർ എ.ഇ.ഒ ബൈജു കഴിഞ്ഞദിവസം കുന്നോത്ത്പറമ്പ് പഞ്ചായത്തിലെത്തി അധികൃതരുമായി ചർച്ച നടത്തി. സ്കൂളിലേക്കുള്ള വഴിയിലൂടെ ഫയർഫോഴ്സിന്റെ മോക്ഡ്രിൽ നടത്തി സാങ്കേതികത്വം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.