ധനസഹായമില്ല; സ്പെഷല്‍ സ്കൂളുകൾ പ്രതിസന്ധിയിൽ
text_fieldsകണ്ണൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾക്ക് നിലവിൽ നൽകുന്ന പാക്കേജിൽ കഴിഞ്ഞ അധ്യയന വർഷം 22.5 കോടി മാത്രമാണ് നൽകിയത്.
അഞ്ചു മാസത്തേക്ക് മാത്രമാണ് ഈ തുക ഉപകാരപ്പെട്ടത്. പത്തുമാസത്തിലേറെയായി സ്പെഷല്‍ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഓണറേറിയം ഉള്‍പ്പെടെയുള്ള തുക മുടങ്ങിയിരിക്കുകയാണ്. ഇതോടെ സ്കൂളുകളുടെ നടത്തിപ്പും പ്രതിസന്ധിയിലായി. എൻ.ജി.ഒകളുടെ നേതൃത്വത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താലും സംഭാവനകൾ ഉപയോഗിച്ചുമാണ് പ്രവർത്തനം. ജില്ലയിൽ 13 സ്കൂളുകളിലായി ആയിരത്തിലേറെ വിദ്യാർഥികളാണുള്ളത്.
സംസ്ഥാനത്തെ 314 സ്പെഷൽ സ്കൂളുകൾക്ക് 2022-23 സാമ്പത്തിക വർഷം 45 കോടി ബജറ്റിൽ അനുവദിച്ചിരുന്നു. ഇതിന്റെ ഉത്തരവ് ജൂൺ രണ്ടിന് ഇറങ്ങിയെങ്കിലും ഇതുവരെയും തുക ലഭിച്ചിട്ടില്ല. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈതുക നഷ്ടമാകുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. സംസ്ഥാനത്താകെ കാൽലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്പെഷല്‍ സ്കൂളുകളിൽ പരിശീലനം നേടുന്നുണ്ട്.
അധ്യാപകര്‍, അനധ്യാപകര്‍, ആയമാര്‍, ക്ലര്‍ക്ക്, ഫിസിയോ തെറപ്പിസ്റ്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലായി ആറായിരത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചഡ് സ്പെഷല്‍ സ്കൂള്‍ മാത്രമാണുള്ളത്. ബാക്കി 313 എണ്ണവും വിവിധ എന്‍.ജി.ഒകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്പെഷല്‍ സ്കൂള്‍ പ്രധാനാധ്യാപകന് 36,000 രൂപയും മറ്റ് അധ്യാപകര്‍ക്ക് 32,500 രൂപയുമാണ് ഓണറേറിയം. പ്രതിസന്ധിയായതോടെ നിലവില്‍ പ്രതിമാസം 4500 മുതല്‍ 7000 രൂപക്ക് വരെ ജോലിചെയ്യുന്നവരുമുണ്ട്.
ഗ്രേഡിങ് സംവിധാനത്തിലും അപാകതകളുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണവും സ്കൂളിലെ സൗകര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഗ്രേഡിങ് നല്‍കുന്നത്. 100ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകള്‍ക്ക് എ, അമ്പതില്‍ കൂടുതലാണെങ്കിൽ ബി, 25ല്‍ കൂടുതലാണെങ്കില്‍ സി എന്നീ ഗ്രേഡുകൾ നല്‍കിയാണു തരംതിരിക്കുന്നത്.
ഈ സ്കൂളുകൾക്ക് യഥാക്രമം 12, 6, 3, 2 എന്നിങ്ങനെ ജീവനക്കാരെയും പ്രത്യേക പാക്കേജും അനുവദിക്കും. എന്നാൽ, നൂറിലേറെ കുട്ടികൾ ഉണ്ടായിട്ടും സൗകര്യമില്ലെന്ന പേരിൽ എ ഗ്രേഡ് നൽകാത്തതായി പരാതിയുണ്ട്.
ധനസഹായം കുടിശ്ശികയായതിൽ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പു ലഭിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു.
ഇതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നേതൃത്വത്തില്‍ 20 മുതല്‍ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസമിരിക്കാനാണ് തീരുമാനം.
വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ ഫോർ ദി ഇന്റലെക്ച്വലി ഡിസേബ്ൾഡ് എയ്ഡ് ഭാരവാഹികളായ പി. ശോഭന, സിമി ജോമോൻ, സിസ്റ്റർമാരായ അൽഫോൺസ ആന്റണി, സെൽമ ജോസ്, ജി.കെ. രാജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.