അറ്റകുറ്റപ്പണിക്ക് പണമില്ല: പൊലീസ് വാഹനങ്ങൾക്ക് ദുരിതകാലം
text_fieldsകണ്ണൂർ: അറ്റകുറ്റപ്പണിക്ക് പണമില്ലാത്തതിനാൽ പൊലീസ് വാഹനങ്ങൾ പലതും ദയനീയാവസ്ഥയിൽ. തിങ്കളാഴ്ച രാവിലെ കാൽടെക്സ് ജങ്ഷനിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയ ജീപ്പ് 11 വർഷത്തോളം പഴക്കമുള്ളതാണ്. മൂന്നു ലക്ഷത്തോളം കിലോമീറ്റർ ഓടിയ വാഹനമാണിത്. കെ.എൽ 01 ബി.ജി 2249 നമ്പർ ജീപ്പിന്റെ ഇൻഷുറൻസ് കാലാവധി ഒക്ടോബർ ഏഴിന് തീർന്നതായി മോട്ടോർ വാഹനവകുപ്പിന്റെ ആപ്പിൽ കാണിക്കുന്നത്. എന്നാൽ, ഇൻഷുറൻസ് അടച്ചതായാണ് പൊലീസിന്റെ വിശദീകരണം.
ടൗൺ പൊലീസ് സ്റ്റേഷനിൽ ഉപയോഗിച്ചിരുന്ന വാഹനം അടുത്ത കാലത്താണ് എ.ആർ ക്യാമ്പിലേക്ക് നൽകിയത്. ഇവിടെ ഭക്ഷണശാലയിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പൊലീസ് വാഹനങ്ങളുടെ ദയനീയാവസ്ഥക്ക് കാരണം. വാഹനങ്ങളുടെ സ്പെയർ പാർട്സ് വാങ്ങുന്ന കടകളിൽ പോലും പൊലീസ് പണം നൽകാനുണ്ട്.
ഒട്ടേറെ വാഹനങ്ങൾ നന്നാക്കാതെ കട്ടപ്പുറത്താണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ ഒരുഭാഗം ഇളകിത്തൂങ്ങിയതിനെ തുടർന്ന് കയർ ഉപയോഗിച്ച് കെട്ടിവെച്ചാണ് ഉപയോഗിക്കുന്നത്. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിലും പെട്രോൾ പമ്പുകൾക്ക് ജില്ലയിൽ മാത്രം 50 ലക്ഷത്തിലധികം രൂപ പൊലീസ് നൽകാനുണ്ട്. മിക്ക പമ്പുകളിലും വലിയ തുക കടമുള്ളതിനാൽ പമ്പുടമകൾ പൊലീസിന് ഇന്ധനം നൽകാൻ മടിക്കുന്ന അവസ്ഥയുമുണ്ട്. എന്നാൽ, ഇന്ധനമില്ലെന്നതിന്റെ പേരിൽ ഡ്യൂട്ടിക്ക് തടസ്സമുണ്ടാവരുതെന്ന് ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശവുമുണ്ട്. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും പൊലീസ് ഡ്രൈവർമാരുമാണ് ഇതിനിടയിൽ കിടന്ന് ബുദ്ധിമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.