ഒരാളുടെയും പൗരത്വം പോവില്ല; അങ്ങനെ വന്നാൽ ചെറുക്കാൻ മുന്നിലുണ്ടാവും -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂർ: ഇന്ത്യയിലെ ഒരു മുസ്‍ലിമിന്റെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വ ഭേദഗതി നിയമമെന്നും അങ്ങനെ വന്നാൽ അവർക്കുവേണ്ടി മുന്നിൽനിന്ന് പ്രവർത്തിക്കാൻ ഞങ്ങളുണ്ടാകുമെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. പൗരത്വ വിഷയത്തിൽ കമ്യൂണിസ്റ്റും കോൺഗ്രസും മുസ്‍ലിം മത വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ ഭയപ്പെടുത്തി അസ്വസ്ഥമാക്കുകയാണ്. ഇതിൽനിന്ന് പിന്തിരിയണം. ഈ നിയമം ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുന്നതിനുള്ളതല്ല. പുതുതായി കുറേ ആളുകൾക്ക്, പാവപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനുള്ളതാണെന്നും അബ്ദുല്ലക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ 2019 ൽ പാർലിമെന്റിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പ്രചരിപ്പിച്ചത് മുസ്‍ലിംകളെ എല്ലാം പാകിസ്താനിലേക്ക് അയക്കാൻ പോകുന്നു എന്നാണ്. എന്താണ് നാലുവർഷത്തെ അനുഭവം. ഏതെങ്കിലും മുസ്‍ലിംകളുടെ പൗരത്വം നഷ്ടപ്പെട്ടോ. ഒരാശങ്കയുടെയും ആവശ്യമില്ല.
ബംഗ്ലാദേശിൽനിന്നും പാകിസ്താനിൽനിന്നും പീഡിപ്പിക്കപ്പെട്ട് തുരത്തിയോടിക്കപ്പെട്ട പാവപ്പെട്ടവർക്ക് പൗരത്വം നൽകണമെന്ന് പാർലിമെന്റിൽ അവതരിപ്പിച്ചത് ആരാണെന്ന് കോൺഗ്രസുകാർക്ക് അറിയുമോയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മൻമോഹൻ സിങ്ങാണ്. 2003ൽ പാർലിമെന്റിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഉണ്ട്. അത് കേട്ട് എൽ.കെ. അദ്വാനിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പടെ എല്ലാം കേട്ട് സമയമെടുത്താണ് ഈ നിയമമുണ്ടാക്കിയത്. ഇത് മുസ്‍ലിംകളുടെ പൗരത്വം കളയാനാണ് എന്നത് കള്ളപ്രചാരണമാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.