പ്ലാസ്റ്റിക് വേണ്ട: ലൈസൻസ് റദ്ദാക്കും; കർശന നടപടികളുമായി കണ്ണൂർ കോർപറേഷൻ അധികൃതർ
text_fieldsകണ്ണൂർ: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയാൻ കർശന നടപടികളുമായി കോർപറേഷൻ അധികൃതർ. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയാൻ സര്ക്കാര് ഉത്തരവ് നിലവിലുണ്ടെങ്കിലും ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടതിനാലാണ് പുതിയ മുന്നറിയിപ്പ് നൽകിയത്. നിരോധിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
കോർപറേഷന് പരിധിയിലെ മിക്ക സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് എന്നിവ ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ഉല്പന്നങ്ങള് ഉപയോഗിക്കുകയും വില്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും പ്രോസിക്യൂഷന് നടപടികളോടൊപ്പം ലൈസന്സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. പ്ലാസ്റ്റിക് കാരി ബാഗുകൾ, കപ്പുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
രണ്ടു മാസത്തിനകം കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് കോർപറേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഒട്ടനവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. വടകരയിലെ സ്ഥാപനത്തിൽനിന്ന് കണ്ണൂർ കാസർകോട് ജില്ലകളിലേക്ക് വിതരണത്തിന് കൊണ്ടുവന്ന 400 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വാഹനം പിന്തുടർന്ന് പൊലീസ് സഹായത്തോടെയാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഈയിടെ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് സൂക്ഷിച്ച കടകൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി
കമ്പിൽ ടൗണിൽ നിന്ന് പിടിച്ചെടുത്തത് ഒരു ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക്
കണ്ണൂർ: കമ്പിൽ ടൗണിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിച്ച രണ്ടു സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി. സെൻട്രൽ സ്റ്റേഷനറി, കമ്പിൽ ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. ശുചിത്വമാലിന്യ സംസ്കരണ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കമ്പിൽനിന്ന് ഒരു ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് കാരി ബാഗുകൾ, കപ്പുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ തുടങ്ങിയവയാണ് കൊളച്ചേരി, നാറാത്ത് പഞ്ചായത്ത് അധികൃതരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ സ്ക്വാഡ് പിടികൂടിയത്. തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. കമ്പിൽ ടാക്സി സ്റ്റാന്റിന് പിറകുവശത്തും ആയുർവേദ ഹോമിയോ ആശുപത്രികൾക്ക് സമീപവും ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി സ്ക്വാഡ് കണ്ടെത്തി.
പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, സ്ക്വാഡ് അംഗങ്ങളായ ഷരീകുൽ അൻസാർ, ഇ.കെ. സുമേഷ്, ജെ. ഷിബിൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. അനുഷ്മ, കെ.വി. നിവേദിത എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.