ഇരിട്ടി ഇരുട്ടിൽ തപ്പുന്നു; സോളാർ ലൈറ്റുകൾ കണ്ണടച്ചു
text_fieldsഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. ഒരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും ആരോപണമുയരുന്നത്. നിരവധി തവണ ഇതുസംബന്ധിച്ച പരാതികൾ വേണ്ടപ്പെട്ടവർക്ക് നൽകിയിട്ടും ഇവ പ്രവർത്തനക്ഷമമാക്കാനുള്ള ഒരുവിധ നടപടിയും നഗരസഭാ അധികൃതരിൽ നിന്നോ കെ.എസ്.ടി.പി അധികാരികളിൽ നിന്നോ ഉണ്ടായിട്ടില്ല .
തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. നവീകരിച്ച 53 കിലോമീറ്റർ റോഡിൽ 947 ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഒരു ലൈറ്റിന് 95000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. 30 മീറ്റർ ഇടവിട്ട് പ്രധാന ടൗണുകളിലും കവലകളിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത്. കളറോഡ് മുതൽ വളവുപാറ വരെ വരുന്ന റീച്ചിലെ ലൈറ്റുകളിൽ ഇവ സ്ഥാപിച്ച് ഏതാനും ചില മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ തന്നെ എഴുപത് ശതമാനവും കണ്ണടച്ചിരുന്നു.
വാഹനമിടിച്ചും തുരുമ്പെടുത്തും മറ്റും തകർന്ന ചില ലൈറ്റുകളും ബാറ്ററി ബോക്സുകളും ആരും തിരിഞ്ഞു നോക്കാതെ മാസങ്ങളായി നിലംപൊത്തി കിടക്കുകയാണ്. ഇത് എടുത്തുമാറ്റാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയുയർത്തുന്നു. ഗുണമേന്മയുമില്ലാത്ത ബാറ്ററികളും ലൈറ്റുകളും സോളാർ പാനലുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. സ്ഥാപിച്ച് ആറുമാസം തികഞ്ഞപ്പോൾ തന്നെ ലൈറ്റുകൾ സ്ഥാപിച്ചിരിന്ന ഇരുമ്പു തൂണുകൾ പലതും തുരുമ്പെടുത്തു. സോളാർ വഴിവിളക്കുകൾ തെളിഞ്ഞിട്ടില്ലെങ്കിലും പ്രശ്നമില്ല, ഇതൊന്ന് റോഡിൽ നിന്ന് മാറ്റിത്തന്നാൽ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തലയിൽ വീണുള്ള അപകടമെങ്കിലും ഒഴിവാക്കാമല്ലോ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.