വാക്സിനില്ല; സ്വകാര്യ മേഖലയിൽ യഥേഷ്ടം
text_fieldsകണ്ണൂർ: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ നാടൊരുങ്ങുേമ്പാൾ വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ആറ് ദിവസമായി സർക്കാർ മേഖലയിൽ വാക്സിൻ വിതരണം മുടങ്ങിയിരിക്കുകയാണ്.
ചില ദിവസങ്ങളിൽ കിടപ്പു രോഗികള്‍ക്കും മുൻകൂട്ടി അപ്പോയ്ൻമെൻറ് ലഭിച്ച പ്രവാസികള്‍ക്കും മറ്റു മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കും മാത്രം കുത്തിവെപ്പ് നൽകിയതൊഴിച്ചാൽ ജില്ല വാക്സിൻ പ്രതിസന്ധിയിലാണ്. അതേസമയം, സ്വകാര്യ മേഖലയിൽ വാക്സിൻ യഥേഷ്ടം ലഭിക്കുന്നുണ്ട്. സ്വകാര്യ മേഖലയെ സഹായിക്കാനാണ് സർക്കാർ തലത്തിൽ കുത്തിവെപ്പ് നൽകാത്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്. 780 രൂപയാണ് ഒരുഡോസ് കോവിഷീൽഡിന് ഇൗടാക്കുന്നത്.
വാക്സിന് സ്റ്റോക്ക് കുറവായതിനാല്‍ പൊതു വിഭാഗത്തിന് കുത്തിവെപ്പ് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച 109 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ഉണ്ടായിരുന്നത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും കുത്തിവെപ്പ് പൂർണമായി മുടങ്ങി. വെള്ളിയാഴ്ച 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം വാക്സിൻ നൽകിയപ്പോൾ പൊതുവിഭാഗം പടിക്ക് പുറത്തായി. ശനിയാഴ്ച 10 സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്സിൻ നൽകി. ജില്ലയില്‍ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം പകുതിയിലേറെ പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതായാണ് കണക്കുകൾ. ആകെ 14,23,785 വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു.
വാക്സിനെടുക്കാന്‍ അര്‍ഹതയുള്ള 18,05,998 പേരില്‍ 9,55,022 പേര്‍ക്ക് ഒന്നാം ഡോസും 4,68,763 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ജൂലൈ 30, 31 തീയതികളില്‍ മാത്രം ഒരു ലക്ഷത്തോളം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. അതേസമയം, വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതവും ക്രമക്കേടും നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
25000 ഡോസ് എത്തി
ജില്ലയിൽ ശനിയാഴ്ച 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് കുത്തിവെപ്പ് ലഭ്യമാക്കാൻ തിങ്കളാഴ്ച 110 കേന്ദ്രങ്ങളില്‍നിന്ന് വാക്സിന് നല്‍കും. 10 ശതമാനം വീതം ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ൻമെൻറ് ലഭിച്ചവര്‍ക്കും ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നതിനായി രജിസ്റ്റര്‍ ചെയ്ത് ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി അപ്പോയ്ൻമെൻറ് ലഭിച്ചവര്‍ക്കുമാണ്.
സ്പോട്ട് രജിസ്ട്രേഷനിലൂടെ 40 ശതമാനം വീതം ആദ്യ ഡോസ് മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കും രണ്ടാം ഡോസ് ലഭിക്കേണ്ട 18 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് വിതരണം ചെയ്യുന്നത്. വാക്സിൻ ശനി, ഞായര്‍ ദിവസങ്ങളിലായി എല്ലാ വാക്സിനേഷന് സെൻററുകളിലും എത്തിക്കും. 25000 ഡോസ് കോവിഷീല്‍ഡ് വാക്സിന് പുറമെ 3000 ഡോസ് കോവാക്സിനും സ്റ്റോക്കുണ്ട്. ഇതിനായി അടുത്ത ദിവസങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് 1500 പേര്‍ക്ക് ഒന്നാം ഡോസ് നല്‍കും. ഇവര്‍ക്ക് രണ്ടാം ഡോസ് നല്കാൻ ബാക്കിയുള്ള 1500 ഡോസ് മാറ്റിവെക്കും. പൊതുജങ്ങള്‍ ആദ്യത്തെയും രണ്ടാമത്തെയും വാക്സിന് എടുത്തതിനുശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്നുതന്നെ അതത് കുത്തിവെപ്പ് കേന്ദ്രത്തെ സമീപിക്കണം.
പരിശോധന പ്രോത്സാഹിപ്പിക്കാന്‍ വാക്സിന് ബോണസ്
കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കാൻ ജില്ലയില്‍ വാക്സിന് ബോണസ് പദ്ധതി.
ഏറ്റവും കൂടുതല്‍ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബോണസായി വാക്സിന് ഡോസുകള്‍ നല്‍കാനാണ് തീരുമാനം. ഒരാഴ്ചക്കിടെ ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭക്കും 750 വീതം വാക്സിന് ഡോസുകള്‍ അധികമായി നല്‍കുമെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 300, 200 ഡോസുകളും നല്‍കും. കോര്പറേഷന് ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമായിരിക്കും വാക്സിന് ബോണസ്.
ഓരോ തദ്ദേശ സ്ഥാപനത്തിനും ജില്ലയിലെ ആരോഗ്യ വകുപ്പ് ജനസംഖ്യാനുപാതികമായി നിര്‍ണയിച്ച് നല്കുന്ന ടെസ്റ്റിൽ ഏറ്റവും കൂടുതല്‍ ശതമാനം പരിശോധനകള്‍ നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭക്കുമാണ് ബോണസ് നല്‍കുക. ഓരോ ആഴ്ചത്തെയും പരിശോധന നിരക്ക് പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കുകയും ആ ആഴ്ച ജനസംഖ്യാനുപാതിക വാക്സിന് േക്വാട്ടക്ക് പുറമെ ബോണസ് ഡോസുകള്‍ കൂടി ലഭ്യമാക്കുകയുമാണ് ചെയ്യുക. സമ്പർക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന പ്രോത്സാഹിപ്പിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. പോസിറ്റിവാകുന്ന ഓരോ വ്യക്തിയുടെയും സമ്പര്‍ക്കപ്പട്ടികയില്‍പെട്ട 10 പേരെയെങ്കിലും മുന്‍ഗണന ക്രമത്തില്‍ പരിശോധനക്ക് വിധേയരാക്കണം. അതിലൂടെ വീട്ടിലെ മറ്റുള്ളവര്‍ക്കും അയല്‍വാസികള്‍ക്കും തൊഴിലിടങ്ങളിലുള്ളവര്‍ക്കും രോഗബാധയുണ്ടാകുന്നത് പരമാവധി തടയാനാവും.
ഓണത്തിരക്കിനിടയിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കാനും അതുവഴി വ്യാപനം പരമാവധി തടയാനും മുന്നിട്ടിറങ്ങണം. പ്രായമായവര്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ അനിവാര്യ ഘട്ടങ്ങളില്‍ മാത്രമേ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂ. മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ കൂടിനില്ക്കുന്ന സാഹചര്യമുണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.