മാലിന്യമേ വേണ്ട: ‘വലിച്ചെറിയൽ മുക്ത’ ജില്ലയാവാൻ കണ്ണൂർ
text_fieldsകണ്ണൂർ: വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്. ഇതുവരെയുള്ള മാലിന്യ സംസ്കരണ മേഖലയിലെ വിവിധ കാമ്പയിനുകളെ സംയോജിപ്പിച്ച് ‘വലിച്ചെറിയൽ മുക്ത ജില്ല’ക്ക് കണ്ണൂരിൽ തുടക്കമാകുന്നു. പദ്ധതിക്ക് ജനുവരി 26ന് ജില്ലയിൽ തുടക്കമാവും. പെരളശ്ശേരി ടൗണിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷീബ അധ്യക്ഷത വഹിക്കും.
പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വലിച്ചെറിയാതെ വിവിധ കർമസേനക്ക് കൈമാറുന്നതോടോപ്പം മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്ന കാമ്പയിനാണ് ലക്ഷ്യം. വിവിധ പ്രദേശങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി അവ എടുത്തു ഒഴിവാക്കലാണ് വലിച്ചെറിയൽ മുക്ത ജില്ലയുടെ ആദ്യ ഘട്ടം.
തുടർന്ന് അത്തരം സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും തുടർമാലിന്യ നിക്ഷേപങ്ങൾ ഉണ്ടാവാതിരിക്കാൻ ജനകീയ കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്യും. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ മാറ്റി പൂന്തോട്ടങ്ങൾ സ്ഥാപിക്കാനും വലിച്ചെറിയൽ മുക്ത കാമ്പയിനിൽ പദ്ധതി ഉണ്ട്. 2017 മുതലാണ് ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ കാമ്പയിൻ ആരംഭിച്ചത്.
കാമ്പയിൻ ഘട്ടംഘട്ടമായി പുരോഗമിക്കുമ്പോഴാണ് സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ ഉത്തരവുകൾ ഉണ്ടാവുന്നത്.
ഈ ഉത്തരവുകളുടെയും നടപടിയുടെയും പശ്ചാത്തലത്തിൽ വലിച്ചെറിയൽ മുക്ത ജില്ല എന്ന ലക്ഷ്യം നേടാൻ കണ്ണൂരിന് കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ജില്ലയിലെ വിവിധ വകുപ്പുകളും മിഷനുകളും ചേർന്ന് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.