യുവതിക്ക് മൂക്കിന് ശസ്ത്രക്രിയ; വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി
text_fieldsകണ്ണൂർ: മൂക്കിന്റെ അസുഖത്തിന് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും യുവതിയുടെ ഭർത്താവ് കെ. ഷജിൽ പറഞ്ഞു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടറെയാണ് ആദ്യം കാണിച്ചത്. ഡോക്ടർ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചു. എന്നാൽ, ഈ ആശുപത്രിയിൽ ആരോഗ്യ കാർഡ് സ്വീകരിക്കാത്തതിനെ തുടർന്നാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് പോയത്. ഇവിടെവെച്ച് മുന്നു മണിക്കൂറോളംനീണ്ട ശസ്ത്രക്രിയ നടത്തി.
സർജറിക്കുശേഷം കണ്ണ് തുറന്നപ്പോൾ വലത് കണ്ണ് കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല. രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും കണ്ണിന് കാഴ്ച തിരിച്ചുകിട്ടിയില്ല. തുടർന്ന് ഡിസ്ചാർജ് വാങ്ങി കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ വലത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചതായും ഷജിൽ പറഞ്ഞു.
പിതാവ് രാജൻ, സഹോദരൻ ടി.വി. ശ്രീജിത്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ എം. രമേശൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം കെ. രജിൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.